ഇന്ത്യൻ 2ൽ കാജൽ തന്നെ...; സെപ്റ്റംബറിൽ ഷൂട്ടിങ്ങ് ആരംഭിക്കും

By santhisenanhs.05 08 2022

imran-azhar

കമൽ ഹസൻ-ശങ്കർ ചിത്രം ഇന്ത്യൻ 2ൽ കാജൽ അഗർവാളിന് പകരം ബോളിവുഡ് താരം ദീപിക പദുകോൺ ഭാഗമാകും എന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ കാജൽ തന്നെയാകും സിനിമയിൽ നായികയാവുക. നടി തന്നെയാണ് നേഹ ധൂപിയയുമായുള്ള ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 13 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും താരം വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസമാണ് ദീപിക സിനിമയിൽ അഭിനയിക്കുമെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കഥാപാത്രത്തിനായി നിർമ്മാതാക്കൾ ദീപിക പദുകോണിനെ സമീപിച്ചു എന്നും ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി താരത്തിന്റെ പ്രതിഫലം ഉയർത്താൻ തയ്യാറായി എന്നുമാണ് വാർത്ത പ്രചരിച്ചത്.

 

സിദ്ധാർഥ്, രകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രീപ്രൊഡക്ഷൻ പരിപാടികൾക്കായി കമൽഹാസൻ അമേരിക്കയിലേക്ക് പോയതായുള്ള റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് എത്തിയിരുന്നു. മൂന്ന് ആഴ്ചയോളം നടൻ യുഎസിൽ ചെലവഴിക്കും.

 

തെന്നിന്ത്യൻ സിനിമ ലോകം ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു ശങ്കർ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ ഇന്ത്യൻ. കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ മനീഷ കൊയ്‌രാള, സുകന്യ, ഗൗണ്ടമണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ ഉള്ളതാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്.

 

മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രം തമിഴ്നാട്ടിലെ പ്രദർശനശാലകളിൽ ബ്ലോക്ക് ബസ്റ്ററായിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ 1996-ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവ ലഭിച്ചു. ചിത്രം ഹിന്ദുസ്ഥാനി എന്ന പേരിൽ ഹിന്ദിയിലും ഭാരതീയുഡു എന്ന പേരിൽ തെലുങ്കിലും പുറത്തിറക്കിയിരുന്നു.

OTHER SECTIONS