കത്രീന കൈഫ് വിക്കി കൗശല്‍ വിവാഹം ഡിസംബര്‍ ആദ്യവാരം

By Greeshma padma.11 11 2021

imran-azhar

 

 

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിലും വിക്കി കൗശലിനും ഇടയിലുള്ള അടുപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തില്‍ കൂടുതലായി. ഇപ്പോള്‍ ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഈ താരങ്ങള്‍ ഡിസംബര്‍ ആദ്യ വാരം ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന റിസോര്‍ട്ട് ആണ് വിവാഹവേദി. വിക്കി കൗശലിന് വിവാഹം മെയ് മാസത്തില്‍ നടത്താനായിരുന്നു താല്‍പര്യമെന്നും എന്നാല്‍ ഡിസംബര്‍ എന്നത് കത്രീനയുടെ താല്‍പര്യമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മണിക്കൂറുകളോളം നീളുന്ന ചടങ്ങുകളും ആഘോഷങ്ങളുമായുള്ള ഔട്ട്‌ഡോര്‍ വെഡ്ഡിംഗ് ആണ് കത്രീന മനസില്‍ കാണുന്നതെന്നും രാജസ്ഥാനില്‍ മെയ് മാസത്തില്‍ അത്തരമൊരു ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരമം ഡിസംബര്‍ മാസം തീരുമാനിക്കുകയായിരുന്നുവെന്നും ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി പ്രമുഖ മാധ്യമം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംവിധായകന്‍ കബീര്‍ ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ച് തീര്‍ത്തും സ്വകാര്യമായി നടത്തിയ ചടങ്ങ് ആയിരുന്നു ഇത്. പാപ്പരാസികളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഇരുവരും രണ്ട് കാറുകളിലായാണ് ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിക്കി കൗശലിനൊപ്പം സഹോദരന്‍ സണ്ണിയും മാതാപിതാക്കളുമാണ് എത്തിയത്. കത്രീനയ്‌ക്കൊപ്പം സഹോദരി ഇസബെല്ലും അമ്മ സുസെയ്‌നും.

 

സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ എന്ന അഭിമുഖ പരിപാടിയില്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കത്രീന പങ്കുവച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ അടുപ്പം സോഷ്യല്‍ മീഡിയയും പിന്നീട് മാധ്യമങ്ങളും ശ്രദ്ധിക്കുന്നത്. 2019ലെ സീ സിനി അവാര്‍ഡ്‌സിലും ഇരുവര്‍ക്കുമിടയില്‍ രസകരമായ നിമിഷങ്ങളുണ്ടായി. പിന്നീട് പലപ്പോഴും, രണ്ടിലൊരാളുടെ പിറന്നാളിനും മറ്റും ട്വിറ്ററില്‍ പലതവണ ഇരുവരും ട്രെന്‍ഡിംഗ് ടാഗുകളായി. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സര്‍ദാര്‍ ഉദ്ധം ആണ് വിക്കി കൗശലിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട സിനിമ. അതേസമയം അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശിയാണ് കത്രീനയുടേതായി പുറത്തെത്തിയ അവസാന ചിത്രം.

 

 

 

OTHER SECTIONS