By Ashli Rajan.08 12 2022
മുതിര്‍ന്ന കന്നഡ നടന് കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ബുധനാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നരാച്ചിയിലെ അന്ധനായ കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ച് ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ നടനാണ് കൃഷ്ണ ജി റാവു. അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടന്റെ വേഷമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്.
2018 ല്‍ കെ.ജി.എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. കെ.ജി.എഫ് ചാപ്റ്റര്‍ 2ലെ നിങ്ങള്ക്കൊരുപദേശം തരാം, ഒരുകാലത്തും നിങ്ങളയാളെ എതിര്ത്തുനില്ക്കാന് പോകരുത് സാര്‍ എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ തൂഫാന് എന്ന ഗാനത്തിലായിരുന്നു ഈ സംഭാഷണം.
നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അദ്ദേഹം എത്തുന്നത്.