By RK.11 08 2021
ബിബിന്‍ ജോയി
അവിടെ എങ്ങും ഇരുട്ടാണ്, ഏകാന്തതയുടെയും ചേരിതിരിവിന്റെയും ഭയാനകമായ ഇരുട്ട്, ഒരുവനില്‍ നിന്നും മറ്റൊരുവനിലേക്ക് ആളിക്കത്തുന്ന തീക്ഷ്ണമായ തീ, അതാണ് പക.
ഒരു രാത്രി പ്രകൃതി കുരുതി നടത്തിയ അതേ മണ്ണില്‍, ഏതാണ്ട് അതേ സമയം മനുഷ്യന്‍ വീണ്ടും കുരുതിക്കളമൊരുക്കുന്നു.
ഉരുള്‍പൊട്ടലില്‍ ഭാര്യയും മകളും നഷ്ടപ്പെട്ട ഇബ്രാഹീം, വാപ്പയും സഹോദരനും അടങ്ങുന്ന, അയാളുടെ കുടുംബത്തിനൊരു സഹായമായ് പ്രേമനും സഹോദരി സുമയും പ്രേമന്റെ ഭാര്യയെയും ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തിരുന്നു.
തനിച്ചുള്ള യാത്രയില്‍ ഇനി പരസ്പരം തുണയാകണമെന്ന ആഗ്രഹം ഇരുവര്‍ക്കും ഉണ്ടെങ്കിലും സമുദായത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന സുമയും ഇബ്രാഹീമും ഇന്നും നമുക്കിടയില്‍ എവിടെയൊക്കെയോ ഉണ്ട്.
പെട്ടെന്നൊരു രാത്രി സാമുദായിക പ്രശ്‌നത്തിലെ കൊലപാതക കേസ് പ്രതിയുമായി ഒരു പോലീസുകാരന്‍ ഇബ്രാഹീമിന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി കയറി വരുന്നു. ഭക്ഷണവുമായി സുമയും കൂടി എത്തിച്ചേരുമ്പോള്‍ പ്രേഷകര്‍ വീണ്ടും ആശയകുഴപ്പത്തിലാകുന്നു. ഇബ്രാഹീമിന്റെ സുഹൃത്ത് കരീം തന്റെ സുഹൃത്തായ ലായിഖുമായി അവിടേക്ക് എത്തുന്നതോടെ ചിത്രത്തിന്റെ പ്രമേയം മറ്റൊരു തലത്തിലേക്ക് വഴി മാറുന്നു.
വെറുപ്പ്, മനുഷ്യന് എന്നും എപ്പോഴും വെറുക്കാന്‍ എന്തെങ്കിലും ഒന്നു വേണം. ആ വെറുപ്പ് നിലനിര്‍ത്താന്‍ നമുക്കിടയില്‍ എന്നും ഉണ്ടാകും ഒരു അവരും നമ്മളും. വെറുപ്പ് ഒരു തരി മതി, അതൊരു തീയായി അങ്ങനെ ആളിക്കത്തും. ഒരിക്കല്‍ കത്തിയാല്‍ ആ തീ കെടാതിരിക്കാന്‍ നമ്മള്‍ വെറുത്തുകൊണ്ടേയിരിക്കും, മൂസ ഖാദറിന്റെ ഈ വാക്കുകള്‍ക്ക് ഒരു പാട് പ്രസക്തിയുണ്ട്.
വിലക്കപ്പെട്ട ഖനി കഴിച്ചതിന്റെ പാപകഥ മാനവ തലമുറയുടെ പഴങ്കഥകള്‍ ഏറ്റുപാടുമ്പോള്‍, തന്റെ സഹോദര രക്തം ചിന്തിയ കായേന്‍ പാകിയ പകയുടെ അഗ്‌നി ഇന്നും നമ്മുടെയൊക്കെ സിരകളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.
ഭക്ഷണത്തിനായി മാത്രം മൃഗങ്ങളെ വേട്ടയാടി തിന്ന് ജീവിച്ച പ്രാചീന മനുഷ്യന്‍ കാലാന്തരങ്ങള്‍ പിന്നിട്ട് ഇന്നത്തെ ആധുനിക യുഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അവന്‍ പലതും കണ്ടെത്തി, തങ്ങളുടെ ചേരികള്‍ക്കിണങ്ങും വിധം വ്യത്യസ്തങ്ങളായ മതങ്ങളും വിശ്വാസങ്ങളും മൊക്കെ, എന്തിനേറെ ദൈവങ്ങളെ പോലും വിഭജിച്ചു.
എന്നിട്ടും തീരാത്ത വെറി അതവനെ മൃഗത്തേക്കാള്‍ വന്യനാക്കി, വന്യത മനുഷ്യസഹജമാണോ? അങ്ങനെയെങ്കില്‍ മനുഷ്യനില്‍ നിന്നും മൃഗത്തിലേക്കാണോ നമുക്ക് പരിണാമം സംഭവിച്ചത്?
പാഠശാലയിലും കളിക്കളങ്ങളിലും നമ്മളായി ജീവിച്ചവര്‍ വളര്‍ന്ന് പക്വതയായപ്പോള്‍ ഞാനും നീയുമായി മാറിയത് എങ്ങനെയാണ്? ഇതിനൊക്കെ ഉത്തരം പറയാനാകണമെങ്കില്‍ തലച്ചോറിനൊപ്പം ഹൃദയം കൊണ്ട് കൂടി ചിന്തിക്കാന്‍ തുടങ്ങണം, നമുക്കിടയിലെ ചേരിതിരിവുകള്‍ നാം തന്നെയുണ്ടാക്കിയതാണെന്ന് തിരിച്ചറിയണം, നിഷ്‌കളങ്കമായ സ്‌നേഹത്താല്‍ ഒരിക്കലും ആളിക്കത്താന്‍ അനുവദിക്കാതെ അണച്ചു കളയണം പകയെന്ന അഗ്‌നിയെ.
ഏറെ സമകാലിക പ്രസക്തിയുള്ള അതിസങ്കീര്‍ണമായ ഒരു വിഷയത്തെ ലളിതവും സുതാര്യവുമായി പറഞ്ഞുതീര്‍ത്ത തിരക്കഥാകൃത്ത് അനീഷ് പള്ളിയാന്‍, കഥയെ അതിന്റെ സത്വം ഒട്ടും നഷ്ടപ്പെടാതെ എന്നാല്‍, കാണികളെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അവതരിപ്പിച്ച സംവിധായകന്‍ മനു വാര്യര്‍, ഇരുള്‍ക്കാഴ്ചകള്‍ മനോഹരമായ ഫ്രെയിമുകളില്‍ ഒപ്പിയെടുത്ത ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജന്‍, പ്രേക്ഷകരുടെ ഹൃദയമിടിപ്പിന് ആക്കം കൂട്ടിയ സംഗീത സംവിധായകന്‍ ജേയ്ക്ക് ബിജോയ് തുടങ്ങി, പ്രഗത്ഭര്‍ ചേര്‍ന്നൊരുക്കിയ ഈ സിനിമ ഏറെ മികച്ചതാണെന്ന് പറയാതെ വയ്യ.
വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ സിനിമയിലുള്ളുവെങ്കിലും പൃഥ്വിരാജ് സുകുമാരന്‍, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, സ്രിന്ദ, മണികണ്ഠന്‍ ആചാരി, തുടങ്ങിയവര്‍ അവരവരുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.
മാമുക്കോയയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നര്‍മ്മത്തില്‍ ചാലിച്ച ഒട്ടേറെ കഥാപാത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മാമുക്കോയ എന്നും നമുക്ക് പ്രിയങ്കരനാണ്. അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് മൂസ ഖാദര്‍. ജീവിതാനുഭവങ്ങളിലൂടെ പാകപ്പെട്ട് ഒരു പച്ച മനുഷ്യനായി മാറി അദ്ദേഹം തന്റെ അഭിനയ മികവിന് മാറ്റ് കൂട്ടി.
സിനിമയില്‍ നിരവധി മേഖലകളില്‍ തന്റേതായ വ്യക്തിമുന്ദ്ര പതിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ തന്റെ മറ്റ് സിനിമകളില്‍ എന്ന പോലെ തന്നെ, രൂപത്തിലും ഭാവത്തിലും ശരീരഭാഷയിലുമെല്ലാം ലായിഖ് എന്ന കഥാപാത്രമായി മാറുകയായിരുന്നു. സ്വന്തം ബാനറില്‍ നിര്‍മിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച, കുരുതിലെ പ്രിയ നായകന്റെ ഓരോ ചലനങ്ങള്‍ പോലും അദ്ദേഹത്തിന്റെ അഭിനയ മികവിന് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി എന്നതില്‍ സംശയമില്ല.
സമുദായത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞ് സഹജീവികളോട് എന്ത് അക്രമവും കാണിക്കാന്‍ മടിയില്ലാത്ത പുതിയ സംസ്‌കാരം തളിര്‍ത്തു തുടങ്ങിയ നമ്മുടെ സമൂഹത്തിന് ചിന്തിക്കാനും വിശകലനം ചെയ്യാനും വിമര്‍ശിക്കാനും ഒരു നല്ല വിഷയമാകട്ടെ ഈ കുരുതി. ജാതി വെറിയുടെ വിത്തുകള്‍ പിഴുത് മാറ്റാന്‍ പുതുതലമുറയ്‌ക്കൊരു പ്രചോദനമാകട്ടെ കുരുതി. ഇനിയും ഇവിടെ കുരുതിക്കളങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ഇനിയും ആരും കുരുതിക്ക് ഇരയാകാതിരിക്കാന്‍, കുരുതി അത് അനിവാര്യമായിരുന്നു.