ആദ്യ ചിത്രത്തില്‍ ബച്ചന് കിട്ടിയത് കല്ലേറ്, വഴിത്തിരിവായത് ഒഴിവാക്കിയ ചിത്രം, ബിഗ് ബി സഞ്ചരിച്ച വഴികള്‍

By RK.10 10 2021

imran-azhar

 

കവിത എച്ച്.


തിരസ്‌ക്കരണങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കിത്തീര്‍ത്ത കഠിനപരിശ്രമിയായ പച്ച മനുഷ്യന്‍. ലോകം അഭിനയത്തിന്റെ പര്യായപദമായി വ്യവഹരിച്ചു പോരുന്ന അമിതാഭ്ബച്ചന്റെ വളര്‍ച്ചയുടെ പടികള്‍ ഒരു പ്രചോദനമാണ്.

 

1942 ഒക്ടോബര്‍ 11 ന് അലഹബാദില്‍ അറിയപ്പെടുന്ന അവാദി ഉറുദു കവിയായ ഹരിമംശറായ് ബച്ചന്റെയും നാടകപ്രവര്‍ത്തകയായിരുന്ന തേജി ബച്ചന്റെയും പുത്രനായി അമിതാഭ്ബച്ചന്‍ ജനിച്ചു. ക്വിറ്റ് ഇന്ത്യാസമരം കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തമായ ഈന്‍ക്വിലാബ് എന്ന നാമം പിതാവ് മകനായി തിരഞ്ഞെടുത്തു. പിന്നീട് ഒരിക്കലും നശിക്കാത്ത പ്രകാശം എന്ന അര്‍ത്ഥത്തില്‍ അമിത ആബ്, അമിതാഭ്, എന്ന് നാമകരണം ചെയ്തു.

 

സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ നിന്നായിരുന്നു അമിതാഭ്ബച്ചന്‍ എന്ന നടന്റെ ആദ്യ ചുവടുകള്‍ ആരംഭിച്ചിരുന്നത്. കുട്ടിക്കാലത്ത് മീസില്‍സ് പിടിപെട്ടത് ഒരു പ്രതിസന്ധിയായിരുന്നു. അതിനെ തരണം ചെയ്യുവാന്‍ ബച്ചന് കഴിഞ്ഞു.

 

അമിതാഭിന്റെ പ്രഥമ സിനിമ സാത് ഹിന്ദുസ്ഥാനി ആയിരുന്നു. ഈ റോള്‍ ആദ്യം ലഭിച്ചത് ടിനു ആനന്ദിനായിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അമിതാഭിനെത്തേടി ഈ കഥാപാത്രം എത്തുകയായിരുന്നു. ഈ സിനിമയിലെ അന്‍വര്‍ അലി എന്ന ഉറുദു കവിയുടെ വേഷം പലവിധ പ്രതിഷേധങ്ങളുണ്ടാക്കി. 1969 ല്‍ ഈ കഥാപാത്രത്തിന്റെ പേരില്‍ ബച്ചന്റെ വീടിന് നേരെ കല്ലേറുണ്ടായി.

 

ശബ്ദത്തിന് ഭംഗി പോരാ എന്ന കാരണത്താല്‍ രണ്ട് തവണ റേഡിയോ തിരസ്‌കരിച്ച അമിതാഭ് ആദ്യ പ്രതിഫലം വാങ്ങുന്നത് ഭുവന്‍ഷോ എന്ന സിനിമയ്ക്ക് നരേഷന്‍ ചെയ്തതിനാണ്. വളരെ തുച്ഛമായ പാരിതോഷികം മാത്രം വാങ്ങിത്തുടങ്ങിയ അമിതാഭ് ആണ് നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള ബിഗ് ബി ആയിത്തീര്‍ന്നത്.

 

ചെറിയ റോളുകള്‍ക്കും പ്രതിഫലങ്ങള്‍ക്കും വേണ്ടി പലവിധ ത്യാഗങ്ങള്‍ സഹിക്കുകയും വഴിയോരങ്ങളില്‍ കിടക്കുവാന്‍ പോലും തയ്യാറാവുകയും ചെയ്ത അമിതാഭ് എന്ന നടന് വലിയ റോളുകള്‍ തേടിപ്പോകുവാന്‍ പ്രേരിപ്പിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തത് ശശികപൂര്‍ എന്ന മഹാനടനായിരുന്നു. ആനന്ദ്, ഗുഡി എന്നീ രണ്ട് ചിത്രങ്ങള്‍ പിന്നീട് അമിതാഭിനെ തേടിയെത്തുകയും പിന്നീട് ഗുഡിയിലെ റോള്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഋഷികേശ് മുഖര്‍ജിയുടെ ആനന്ദി എന്ന ചിത്രത്തിനായിരുന്നു ആദ്യം ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചത്. നിരവധി നടന്മാര്‍ കഥാസംബന്ധിയായ കാരണങ്ങളും മറ്റും പറഞ്ഞ് ഒഴിവാക്കിയ സഞ്ജീര്‍ എന്ന സിനിമയിലെ ആന്‍ഗ്രി യങ്മാന്‍ എന്ന കഥാപാത്രം ബച്ചന്‍ ഏറ്റെടുക്കുകയും ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 

റൊമാന്റിക് സിനിമകളുടെ മഴവെള്ളപ്പാച്ചിലായിരുന്നു എഴുപതുകളിലെ സിനിമാ മേഖല. ഈ കാലഘട്ടത്തിലാണ് അഭിനയത്തിലും, ശബ്ദത്തിലും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട് രോഷാകുലരായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത് അന്നത്തെ ക്ഷുഭിത യൗവ്വനങ്ങളുടെ ആസ്വാദന ചാതുരിയെ സംതൃപ്തമാക്കുവാന്‍ ബച്ചന് കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിന് കൂടുതല സ്വീകാര്യത ലഭിച്ചു. സൂപ്പര്‍ താരം എന്ന നിലയിലേക്ക് വളരുവാന്‍ ഇതോടുകൂടി ബച്ചന് കഴിഞ്ഞു.

 

എണ്‍പതുകള്‍ അമിതാഭ് യുഗമായി. രമേഷ് പി., പ്രകാശ് മല്‍ഹോത്ര, ചിയാഷ് ചോപ്ര തുടങ്ങിയ സംവിധായകരുടെ കൂടെ അഭിനയിച്ച ബച്ചന്‍ കൂടുതല്‍ ജനകീയ നായകനായി. 1932 ജൂലായ് 2 ന് കൂലി എന്ന സിനിമയുടെ ഫൈറ്റ് ദൃശ്യചിത്രീകരണത്തിനെതിരെ ഗുരുതരമായി പരിക്ക് പറ്റുകയും ബച്ചന്‍ മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. ഈ വലിയ പ്രതിസന്ധിയെയും ബച്ചന്‍ തരണം ചെയ്തു. 1984 ല്‍ ഇദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നത് ജനങ്ങളുടെ ഇടയില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും വിവാദങ്ങള്‍ക്ക് വഴി തെളിച്ചതിനാല്‍ അദ്ദേഹം രാഷ്ട്രീയ ശ്രമങ്ങള്‍ ഉപേക്ഷിക്കുകയും പൂര്‍ണ്ണസമയം സിനിമയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

 

സഞ്ജീറിലെ നായികയായിരുന്ന ജയാഭാധുരിയെ 1993 ല്‍ ഇദ്ദേഹം ജീവിതപങ്കാളിയാക്കി. ഇവര്‍ തമ്മിലുള്ള പ്രണയം ആദ്യകാലം മുതല്‍ വിവാദവിഷയമായിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ടായി. ശ്വേതാ ബച്ചനും അഭിഷേക് ബച്ചനും.

 

ഇടക്കാലത്ത് അപ്രതീക്ഷിതമായ പരാജയങ്ങള്‍ ബച്ചന് നേരിടേണ്ടി വന്നു. ജനകീയ നായകനാകുവാന്‍ വിചാരിച്ച തരത്തില്‍ തന്റെ സിനിമകളെ വിജയിപ്പിക്കുവാന്‍ ബച്ചന് കഴിഞ്ഞില്ല. ആ സമയത്ത് ഇദ്ദേഹം സിനിമ വിട്ട് എബിസിഎല്‍ എന്ന ഒരു കമ്പനിയില്‍ ജോലി ചെയ്തു. എന്നാല്‍ ബിസിനസ് രംഗം ഇദ്ദേഹത്തിന് വന്‍ പരാജയങ്ങള്‍ സമ്മാനിച്ചു. ഇതോടെ തന്റെ നിയോഗം സിനിമാ നടനാവുക എന്നതായിരുന്നു. ബിസിനസ് തനിക്ക് വഴങ്ങില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു ബച്ചന്‍. ആയിടയ്ക്ക് കെബിസി എന്ന ഷോര്‍ട്ട് ഫോമില്‍ ചെറിയ അഭ്രപാളിയില്‍ ബച്ചന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇത് വന്‍വിജയമായി. ഷാരൂഖാന്‍, സല്‍മാന്‍ഖാന്‍ പോലെയുള്ള ചെറുപ്പക്കാരായ നടന്മാര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോഴും പ്രായഭേദമന്യേയുള്ള അടുപ്പം ഇദ്ദേഹം കാത്തുസൂക്ഷിച്ചു.

 

ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. അമിതാഭ് ബച്ചന്‍ എന്ന ബിഗ്ബിക്ക് വ്യക്തിജീവിതത്തിലും കൃത്യമായ നിലപാടുകളും മനുഷ്യനിഷ്ഠമായ ആശയങ്ങളും ഉണ്ട് എന്നത് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ആ അത്ഭുത പ്രതിഭ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് ഒറ്റ വാക്യത്തില്‍ വിശേഷിപ്പിക്കാം.

 

 

 

 

 

 

OTHER SECTIONS