By Web Desk.03 10 2022
കോട്ടില്ലാതെ നമ്പ്യാര്‍ പുറത്തിറങ്ങാറില്ല. അങ്ങനെയാണ് അയാള്‍ക്ക് കോട്ട് നമ്പ്യാര്‍ എന്ന പേരുവീണത്. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തില്‍ അറ്റ്ലസ് രാമചന്ദ്രന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തെ ആരും മറക്കാന്‍ ഇടയില്ല.
ബിസിനസുകാരന്‍ മാത്രമായിരുന്നില്ല അറ്റലസ് രാമചന്ദ്രന്‍, കല, സാഹിത്യം, സിനിമ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തിലെ ക്ലാസ്സിക് ചിത്രം വൈശാലി നിര്‍മ്മാതാവാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. സാമ്പത്തികമായും വന്‍ വിജയമായിരുന്നു ഈ ചിത്രം. വൈശാലിയുടെ വിജയത്തോടെ രാമചന്ദ്രന്‍ വൈശാലി രാമചന്ദ്രന്‍ എന്നറിയപ്പെട്ടു തുടങ്ങി.
തുടര്‍ന്നും അദ്ദേഹം കലാമൂല്യമുള്ള മികച്ച ചിത്രങ്ങളുടെ നിര്‍മാതാവായി. അരവിന്ദന്‍ സംവിധാനം ചെയ്ത 'വാസ്തുഹാര', ഹരികുമാര്‍-എംടി ടീമിന്റെ 'സുകൃതം', സിബിമലയില്‍ സംവിധാനം ചെയ്ത 'ധനം' തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം പിന്നീട് നിര്‍മിച്ചു.
നടന്‍ എന്ന നിലയിലും നിരവധി സിനിമകളുടെ ഭാഗമായി. അറബിക്കഥയ്ക്ക് പുറമേ 'ആനന്ദഭൈരവി', 'മലബാര്‍ വെഡ്ഡിങ്', 'ടു ഹരിഹര്‍ നഗര്‍', 'തത്വമസി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.
ഇന്നലെ, കൗരവര്‍, വെങ്കലം, ചകോരം തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്തത് അദ്ദേഹത്തിന്റെ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ്. ഹോളി ഡെയ്‌സ് എന്നൊരു സിനിമ സംവിധാനവും ചെയ്തു. സാഹിത്യപ്രേമിയായ അദ്ദേഹം ദുബായിലും തൃശൂരും അക്ഷരശ്ലോക സദസ്സുകളും സംഘടിപ്പിച്ചിരുന്നു.
1942 ജൂലൈ 31ന് തൃശൂര്‍ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടേയും മകനായി ജനിച്ചു. കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായി.
1970കളില്‍ ജോലി രാജിവച്ച് ഗള്‍ഫിലേക്ക് പോയി. കുവൈത്തില്‍ ബാങ്ക് ജോലിയില്‍ തന്നെയായിരുന്നു തുടക്കം. എന്നാല്‍ എണ്‍പതുകളുടെ അവസാനത്തില്‍ ജോലി ഉപേക്ഷിച്ച് സ്വര്‍ണവ്യാപാരം തുടങ്ങി. അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ വിത്തുപാകിയത് അങ്ങനെ.
കുവൈത്തില്‍ ഇറാഖിന്റെ ആക്രമണം ഉണ്ടായപ്പോള്‍ ജ്വല്ലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. പിന്നീട് അറ്റ്്ലസിന്റെ വലിയ കുതിപ്പിനാണ് വ്യവസായലോകം സാക്ഷ്യം വഹിച്ചത്.