അമേരിക്കന്‍ സംഗീതജ്ഞ ലിസ മേരി പ്രെസ്ലി ഇനി ഓര്‍മ്മ

By Ashli Rajan.13 01 2023

imran-azhar

 

ലോസ് ആഞ്ജീലീസ്: അമേരിക്കന്‍ ഗായികയും ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി 54 അന്തരിച്ചു. റോക്ക് ആന്റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളാണ്.

 

അമ്മ പ്രസില്ല പ്രെസ്ലിയാണ് മകളുടെ വിയോഗവാര്‍ത്ത പുറത്ത് വിട്ടത്.ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജിലിസിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

 

എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടുപോയിരിക്കുന്നു. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും സ്നേഹനിധിയായ, ശക്തയായ സ്ത്രീയായിരുന്നു അവള്‍. അവളുടെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു എന്നാണ് പ്രസില്ല പ്രെസ്ലി കുറിച്ചത്.

 

എല്‍വിസ് പ്രെസ്ലിയുടെയും പ്രസില്ല പ്രെസ്ലിക്കും 1968 ലാണ് ലിസ ജനിക്കുന്നത്. ലിസയുടെ ജനനത്തിന് ഒന്‍പത് മാസത്തിന് ശേഷം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു.

 

അതിന് ശേഷം പ്രസില്ല പ്രെസ്ലി നടന്‍ മൈക്കിള്‍ എഡ്വേര്‍ഡുമായി പ്രണയത്തിലായി. തന്നെ അമ്മയുടെ കാമുകന്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് 2003 ല്‍ പ്ലേ ബോയ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസ വെളിപ്പെടുത്തിയിരുന്നു.

 

1977 ല്‍ പിതാവിന്റെ മരണത്തിന് ശേഷം മുത്തച്ഛന്‍ വെര്‍ണന്‍ പ്രെസ്ലിയ്ക്കൊപ്പം ലിസ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയായി. മുത്തച്ഛന്റെ മരണത്തിന് ശേഷം കുടുംബ സ്വത്തിന്റെ ഏക അവകാശി ലിസയായി മാറി. 2004 ല്‍ സ്വത്തിന്റെ 85 ശതമാനവും ലിസ വിറ്റഴിച്ചു.

 

2003 ല്‍ ടു ഹും ഇറ്റ് മേ കണ്‍സേണ്‍ എന്ന ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2005 ല്‍ പുറത്തിറക്കിയ നൗ വാട്ട് എന്ന ആല്‍ബം ബില്‍ ബോര്‍ഡ് പട്ടികയില്‍ ആദ്യത്തെ പത്ത് മികച്ച ആല്‍ബങ്ങളില്‍ ഇടം നേടി. മൂന്നാമത്തെ ആല്‍ബമായ സ്റ്റോം ആന്റ് ഗ്രേസ് 2012ലാണ് റിലീസ് ചെയ്തത്.

 

നാല് തവണ ലിസ വിവാഹിതയായിട്ടുണ്ട്. 1988 ലായിരുന്നു സംഗീതജ്ഞന്‍ ഡാനി കീഫുമായുള്ള ആദ്യ വിവാഹം. ഈ ബന്ധത്തില്‍ ബെഞ്ചമിന്‍ കീഫ്, റൈലി കീഫ് എന്നിങ്ങനെ രണ്ടു മക്കളുണ്ട്.

 

ഈ ബന്ധം വേര്‍പെടുത്തിയ ലിസ പിന്നീട് പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സനെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു.

 

2002 ല്‍ നടന്‍ നിക്കോളാസ് കേജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിനും രണ്ട് വര്‍ഷം മാത്രമേ ആയുസ്സുണ്ടായുള്ളൂ. 2006 ല്‍ ഗിറ്റാറിസ്റ്റ് മൈക്കിള്‍ ലോക്വുഡിനെ വിവാഹം ചെയ്യുകയും 2012 ല്‍ വേര്‍പിരിയുകയും ചെയ്തു. ഫിന്‍ലി ലോക്വുഡ്, ഹാര്‍പര്‍ ആന്‍ ലോക്വുഡ് എന്നിവര്‍ ഈ ബന്ധത്തില്‍ പിറന്ന മക്കളാണ്.

 

 

OTHER SECTIONS