മെലിഞ്ഞ്, ഉയരമുള്ള ആ ചെറുപ്പക്കാരന്‍, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി! മലയാള സിനിമയിലെ കാരണവര്‍ മധുവിന്റെ ഓര്‍മ!

By Web Desk.23 09 2023

imran-azhar

 

 

 

എഴുത്തുകാരന്‍ കെ എ അബ്ബാസ് സിനിമാ സംവിധായകന്റെ തൊപ്പിയണിഞ്ഞ ചിത്രം. ഏഴു പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍, പോര്‍ച്ചൂഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മലയാളിയുടെ പ്രിയ നടന്‍ മധുവും പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. ബംഗാളി ഫുട്‌ബോള്‍ താരമായ ശുബോധ് സന്യാല്‍ എന്ന കഥാപാത്രമായാണ് മധു ചിത്രത്തില്‍ എത്തിയത്.

 

ചിത്രത്തിലെ നായകന്മാരില്‍ ഒരാളെ അവതരിപ്പിച്ചത് ഒരു പുതുമുഖമായിരുന്നു. മെലിഞ്ഞ്, ഉയരമുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. ഹിന്ദി അധ്യാപകനായിരുന്ന മധുവിന് ഈ ചെറുപ്പക്കാരന്റെ അച്ഛനെ അറിയാം. പ്രമുഖ കവി ഹരിവംശ റായ് ബച്ചന്റെ മകനാണ് അഭിനയമോഹിയായ ആ ചെറുപ്പക്കാരന്‍. ഏറെ ബഹുമാനിക്കുന്ന കവിയുടെ മകനുമായി മധു ഏറെ സംസാരിച്ചു. ആ ചെറുപ്പക്കാരന്‍, അമിതാഭ് ബച്ചന്‍, പിന്നീട് ഇന്ത്യന്‍ സിനിമയിലെ താരചക്രവര്‍ത്തിയായി!

 

അരനൂറ്റാണ്ടിന്റെ പഴക്കമുള്ള ആ ഓര്‍മകള്‍ മലയാള സിനിമയിലെ ഈ കാരണവരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. മുംബൈ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ അതിവേഗം നടന്നുവരുന്ന ഉയരംകൂടിയ സുന്ദരനായ ആ ചെറുപ്പക്കാരന്റെ മുഖം!

 

 

ഷൂട്ടിംഗ് നടന്നിരുന്ന റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു ചെറുപ്പക്കാരനെ മധു കണ്ടതും പരിചയപ്പെട്ടതും. അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതുമെന്നാണ് മധു പറയുന്നത്. അമിതാഭ് എന്ന പുതുമുഖത്തെ മധു മറ്റെല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തു!

 

ഹരിവംശറായ് ബച്ചനെ മാത്രമല്ല, അമിതാഭ് ബച്ചന്റെ അമ്മയും സാമൂഹ്യപ്രവര്‍ത്തകയുമായ തേജ് ബച്ചനെയും മധുവിന് നേരത്ത അറിയാം. തേജിനെ മധു ഒരിക്കല്‍ കണ്ടിട്ടുണ്ട്. ചെമ്മീന്‍ എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോളായിരുന്നു അത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു തേജ് ബച്ചനെ കാണുന്നതും പരിചയപ്പെടുന്നതും.

 

ചെമ്മീന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ആ പുരസ്‌കാരനിര്‍ണയ സമിതിയില്‍ തേജ് ബച്ചനും അംഗമായിരുന്നു. ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ചും മധുവിന്റെ അഭിനയത്തെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു.

 

 

സിനിമയുടെ മറ്റൊരു ലൊക്കേഷനായിരുന്ന ഗോവയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഇരുവരും ഹരിവംശറായ് ബച്ചനെയും തേജ് ബച്ചനെയും കുറിച്ച് ഒരുപാട് സംസാരിച്ചു. ഗോവയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു സിനിമയുടെ ചിത്രീകരണം. രാവിലെ എല്ലാവരും ഒന്നിച്ച് ലൊക്കേഷനിലേക്ക് പോകും. രാത്രി ഒന്നിച്ച് മടങ്ങിവരും.

 

പാട്ടും തമാശയുമൊക്കെ നിറഞ്ഞ ആ രാത്രികളില്‍ ഹരിവംശറായിയുടെ കവിതകള്‍ മനോഹരമായി അമിതാഭ് ചൊല്ലും. സാത്ത് ഹിന്ദുസ്ഥാനിക്ക് ശേഷം ഒരു തവണ കൂടി പിന്നീട് മധു, ബച്ചനെ നേരിട്ടുകണ്ടു. മറ്റൊരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ ആര്‍കെ സ്റ്റുഡിയോയിലെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച.

 

പിന്നീട് മോഹന്‍ലാലിനൊപ്പം കാണ്ഡഹാറില്‍ അഭിനയിക്കുമ്പോഴാണ് ബച്ചനുമായി ഫോണില്‍ സംസാരിക്കുന്നത്. ഊട്ടിയില്‍ കാണ്ഡഹാറിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് മോഹന്‍ലാല്‍ വിളിച്ചത്. ഫോണ്‍ അമിതാഭിന്റെ കൈയില്‍ കൊടുത്തു. ഇരുവരും അന്ന് ഏറെ നേരം സംസാരിച്ചു.

 

മലയാള സിനിമയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച സിനിമാക്കാരനായിരുന്നു മധു. അഭിനയത്തിലും സംവിധാനത്തിലും സിനിമയിലെ മറ്റു മേഖലകളിലും വേറിട്ട കൈയൊപ്പ് പതിപ്പിക്കാന്‍ സാധിച്ച പ്രതിഭ. മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍! എന്റെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മമ്മൂട്ടി, മധുവിനെ വിശേഷിപ്പിക്കുന്നത്! നവതിയുടെ നിറവില്‍ എത്തിയ നില്‍ക്കുകയാണ് മലയാളത്തിന്റെ മധുചന്ദ്രിക!

 

 

OTHER SECTIONS