മഞ്ജു വാര്യര്‍ സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വെള്ളരി പട്ടണം തീയേറ്ററുകളിലേക്ക്

By Ashli Rajan.20 03 2023

imran-azhar

 

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. മാര്‍ച്ച് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ.

 

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

 

മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് സൌബിന്‍ ഷാഹിറിന്റെ കഥാപാത്രം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.

 

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ ആര്‍ മണി. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി.

 

മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി ആര്‍ ഒ- എ എസ് ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി വടക്കേവീട്.

 

OTHER SECTIONS