ഏജന്റിന്റെ മൊത്തം ബജറ്റ്, ലഭിച്ച കളക്ഷന്‍; ചിത്രത്തിന് തിരിച്ചടിയായത്

By web desk.04 05 2023

imran-azhar

 

 


ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് അഖില്‍ അക്കിനേനി, മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഏജന്റ്. ചിത്രം വലിയ പരാജയമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

 

പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം ഏഴുപത് കോടി ബജറ്റിലാണ് ഒരുക്കിയത്. വന്‍ ബജറ്റില്‍ ഒരുക്കി, വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് ഇതുവരെ തിയേറ്ററുകളില്‍ നിന്ന് നേടാനായത് വെറും 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ താരനിരയും മികച്ച ടെക്‌നീഷ്യന്‍മാരും അണിനിരന്നിട്ടും ചിത്രത്തിന് തിയേറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

 

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തെ തള്ളിപ്പറഞ്ഞ് നിര്‍മാതാവ് രംഗത്തുവന്നത് വലിയ തിരിച്ചടിയായി എന്ന വിലയിരുത്തലും ഉണ്ട്. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ അനില്‍ സുന്‍കരയാണ് ട്വിറ്ററില്‍ ചിത്രത്തെ കുറിച്ച് പ്രതികൂലമായി കുറിച്ചത്. കൃത്യമായ തിരക്കഥ ഇല്ലാതെയാണ് ചിത്രം ഒരുക്കിയത്. എന്നാല്‍, ശ്രമം പാളിപ്പോയെന്നും സിനിമ വന്‍ പരാജയമാണെന്നുമായിരുന്നു നിര്‍മാതാവിന്റെ ട്വീറ്റ്. ഇത് ചിത്രത്തിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍.

 

വലിയ പ്രീ പബ്ലിസിറ്റിയുടെ പിന്‍ബലത്തില്‍ എത്തിയ ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളികള്‍ക്കും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയുടെ സാന്നിധ്യം ഉള്ളതിനാല്‍ ആദ്യ ദിനത്തില്‍ കേരളത്തില്‍ ചിത്രത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍, തുടക്കത്തിലെ സ്വീകാര്യത നിലനിര്‍ത്താന്‍ ചിത്രത്തിനു സാധിച്ചില്ല. ചിത്രത്തിനെ കുറിച്ചുള്ള അമിത പ്രതീക്ഷയാവാം തിരിച്ചടിയായത്.

 

യൂലിന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. വന്‍ തുക മുടക്കിയാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. അതിനിടെ. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പുറത്തുവന്നു. മേയ് 19 ന് സോണി ലിവിലൂടെ ചിത്രം സ്ട്രീം ചെയ്യും.

 

 

 

 

OTHER SECTIONS