By Web Desk.27 03 2023
പ്രിയ സുഹൃത്തിന്റെ, സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരത്തില്‍ മമ്മൂട്ടി വേദനയോടെ നോക്കി നിന്നു. മാധ്യമങ്ങളോട് സംസാരിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ അനുശോചന കുറിപ്പുപങ്കുവച്ചില്ല... ചിരിയുടെ തമ്പുരാന്റെ നിശ്ചലമായ ശരീരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരത്തിന്റെ മുഖത്ത് ഓര്‍മ്മകളുടെ കടലിരമ്പം!
ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ച കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മമ്മൂട്ടി എത്തി. ചുവന്നു കലങ്ങിയ കണ്ണുകളോടെ മമ്മൂട്ടി, ഇന്നസെന്റിന്റെ ശാന്തമായുറങ്ങുന്ന മുഖത്തേക്കു നോക്കി നിന്നു.
ഞായറാഴ്ച രാത്രി പത്തരയോടെ ഇന്നസെന്റിന്റെ മരണവാര്‍ത്തയറിഞ്ഞ മമ്മൂട്ടി ലേക് ഷോര്‍ ആശുപത്രിയിലെത്തി. മാധ്യമങ്ങള്‍ ഇന്നസെന്റിനെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞു. എന്നാല്‍, സൂപ്പര്‍ താരം ഒരുവാക്കുപോലും പറഞ്ഞില്ല.
മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നസെന്റിന്റെ ആരോഗ്യനില വഷളായതോടെ ഞായറാഴ്ച രാവിലെ തന്നെ ആശുപത്രിയില്‍ എത്തി വെന്റിലേറ്ററില്‍ കഴിയുന്ന പ്രിയ സുഹൃത്തിനെ കണ്ടു.