By santhisenanhs.02 10 2022
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കിയ മേ ഹൂം മൂസ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ വിജയ പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപിയ്‌ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരന്‍, സലിംകുമാര്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശ്രിന്ദ, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയത്. നര്‍മവും വൈകാരികമുഹൂര്‍ത്തങ്ങളും ദേശസ്‌നേഹവും സാമൂഹ്യസന്ദേശങ്ങളും ഉൾക്കൊള്ളുന്ന ചിത്രം ജീവിതത്തിലെ ചില അവിശ്വസനീയമായ സാഹചര്യങ്ങളിൽ പകച്ചുപോവുകയും അതിജീവനത്തിനായി പോരാടേണ്ടി വരികയും ചെയ്യുന്ന ലാൻസ് നായിക് മുഹമ്മദ് മൂസ എന്ന പട്ടാളക്കാരന്റെ കഥയാണ് പറയുന്നത്.
മുഹമ്മദ് മൂസ എന്ന പട്ടാളക്കാരൻ ഒരു കാർഗിൽ രക്തസാക്ഷിയാണ്. അയാളെ ചൊല്ലി ആ നാടിനും കുടുംബത്തിനും അഭിമാനം മാത്രം. അയാളുടെ പേരിൽ അറിയപ്പെടുന്ന നാട്, 19 വർഷങ്ങൾക്കിപ്പുറവും അയാളുടെ ചരമവാർഷികം അഭിമാനപൂർവ്വം ആഘോഷിക്കുന്ന നാട്ടുകാർ. അത്തരമൊരു ഗ്രാമാന്തരീക്ഷത്തിലേക്ക് മരിച്ചെന്നു ലോകം മുഴുവൻ വിശ്വസിച്ച മൂസ ഒരുനാൾ തിരിച്ചെത്തുകയാണ്. മരിച്ചയാൾ പെട്ടെന്ന് കൺമുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്തു ചെയ്യും? സുഹൃത്ത് താമി മുതൽ ആ നാടുവരെ അവിശ്വാസത്തോടെയാണ് മൂസയുടെ വരവിനെ സ്വാഗതം ചെയ്യുന്നത്.
അയാൾക്കു എത്തും പിടിയും കിട്ടാത്ത രീതിയിൽ മാറി പോയ നാടും സംവിധാനങ്ങളും ടെക്നോളജിയും. പലയിടത്തും അജ്ഞതയുടെ ആൾരൂപം പോലെ അയാൾ നിൽക്കുന്നു. അയാളുടെ തിരിച്ചുവരവ് കുടുംബത്തിൽ പോലുമുണ്ടാക്കുന്നത് അസ്വസ്ഥതയാണ്. സാഹചര്യവശാൽ, മരിച്ചിട്ടില്ല താനെന്നും ജീവനോടെയിരിക്കുന്ന ഈ ശരീരമാണ് ലാൻസ് നായിക് മുഹമ്മദ് മൂസയെന്നും തെളിയിക്കേണ്ടത് മൂസയുടെ ആവശ്യമായി തീരുന്നു. അതിനുവേണ്ടിയുള്ള മൂസയുടെ ശ്രമങ്ങളാണ് പിന്നീട് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
സുരേഷ് ഗോപിയുടെ മാനറിസവും രൂപഭാവങ്ങളും ചലനവുമൊക്കെ ലാൻസ് നായിക് മുഹമ്മദ് മൂസ എന്ന കഥാപാത്രത്തിനോട് നീതി പുലർത്തുന്നുണ്ട്. ഹരീഷ് കണാരൻ, സ്രിന്ദ എന്നിവരുടെ കഥാപാത്രങ്ങൾ തിയേറ്ററിൽ ചിരിമേളം തീർക്കുന്നുണ്ട്. സൈജു കുറുപ്പ്, സാവിത്രി ശ്രീധരൻ, സലിംകുമാര്‍, സുധീർ കരമന, മേജര്‍ രവി, മിഥുന്‍ രമേഷ് എന്നിവരും ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ മനോഹരമായൊരു ദൃശ്യവിരുന്ന് ചിത്രത്തിൽ കാണാം. ശ്രീജിത്തിന്റെ ഛായാഗ്രഹണം കാഴ്ചയെ സമ്പന്നമാക്കുന്നു.