മൈക്കല്‍ ജാക്‌സന്റെ മുന്‍ ഭാര്യയും ഗായികയുമായ ലിസ മേരി പ്രെസ്‌ലി അന്തരിച്ചു

By Shyma Mohan.13 01 2023

imran-azhar

 


ലോസാഞ്ചലസ്: പ്രശസ്ത പോപ്പ് താരം മൈക്കല്‍ ജാക്‌സന്റെ ഭാര്യയും റോക്ക് എന്‍ റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്‌ലിയുടെ ഏക മകളുമായ ലിസ മേരി പ്രെസ്‌ലി അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

 


ലിസ മേരിയുടെ അമ്മ പ്രിസില്ല പ്രെസ്‌ലി പ്രസ്താവനയിലാണ് മരണം അറിയിച്ചത്. ലോസാഞ്ചലസിലെ കാലബാസസിലെ വീട്ടില്‍ വെച്ച് ഹൃദാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2003ലെ ആദ്യ ആല്‍ബമായ ടു ഹൂം ഇറ്റ് മേ കണ്‍സേണിലൂടെയാണ് സംഗീത ജീവിതത്തിന് തുടക്കമിട്ടത്. തുടര്‍ന് 2005ലെ നൗ വാട്ടും പുറത്തിറക്കി. രണ്ടും ബില്‍ബോര്‍ഡ് 200 ആല്‍ബം ചാര്‍ട്ടിലെ ആദ്യ പത്തില്‍ ഇടം നേടി. 2012ലായിരുന്നു മൂന്നാം ആല്‍ബം. സ്റ്റോം ആന്റ് ഗ്രേസായിരുന്നു മൂന്നാമത്തെ ആല്‍ബം.

 

നാല് തവണ വിവാഹിതയാണ് ലിസ മേരി. ആദ്യ ഭര്‍ത്താവും സംഗീതജ്ഞനുമായ ഡാനി കീഫില്‍ നിന്ന് വിവാഹ മോചനം നേടിയതിന് 20 ദിവസങ്ങള്‍ക്കു ശേഷം 1994ല്‍ പോപ്പ് താരം മൈക്കല്‍ ജാക്‌സണെ വിവാഹം കഴിച്ചു. ജാക്‌സണ്‍ ബാലപീഡന ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് 1996ല്‍ ദമ്പതികള്‍ വിവാഹ മോചിതരായി. തുടര്‍ന്ന് പിതാവിന്റെ കടുത്ത ആരാധകരനായ നടന്‍ നിക്കോളാസ് കേജിനെ 2002ല്‍ വിവാഹം കഴിച്ചു. നാലുമാസം നീണ്ട ദാമ്പത്യത്തിനുശേഷം ദമ്പതികള്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചു.

 

നാലാമത്തെ വിവാഹം ലിസയുടെ ഗിസ്റ്റിറിസ്റ്റും സംഗീത നിര്‍മ്മാതാവുമായ മൈക്കല്‍ ലോക്ക്‌വുഡുമായിട്ടായിരുന്നു. 2021ല്‍ ഇവര്‍ വിവാഹമോചിതരായി. നാല് മക്കളാണ് ലിസക്കുള്ളത്. ഏക മകന്‍ ബെഞ്ചമിന്‍ കീഫ് 2020ല്‍ 27ാം വയസ്സില്‍ അന്തരിച്ചു. മകള്‍ റിലേ കീഫ് നടിയാണ്.

 

 

OTHER SECTIONS