By priya.07 09 2022
ഇന്ന് 71-ാം ജന്മദിനം ആഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സൂപ്പര്‍ സ്റ്റാറുമായ മോഹന്‍ലാല്‍. മമ്മൂട്ടിക്ക് ഐശ്വര്യവും നല്ല ആരോഗ്യവും നേരുന്ന വീഡിയോയാണ് നടന് മോഹന്‍ലാല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.'ഹാപ്പി ബര്‍ത്ത്ഡേ ഇച്ചാക്ക' എന്ന കുറിപ്പോടെയാണ് മോഹന്‍ ലാല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്മ്മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ്മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവ് കൊണ്ടും ജീവിതം മാതൃകയാക്കി കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢബന്ധമാകാം. കൂടെ പിറന്നിട്ടില്ല എന്നേ ഉള്ളൂ. എന്നിട്ടും ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നതും ജേഷ്ഠനാകുന്നതും അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല,ജ്യേഷ്ഠന് തന്നെയാണ് അദ്ദേഹം.
ഒരേകാലത്ത് സിനിമയില്‍ എത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും മമ്മൂക്ക തനിക്ക് ജ്യേഷ്ഠനാണ്. വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നിലനില്ക്കട്ടെ. നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനില്ക്കുക എന്നത് നിസ്സാര കാര്യമല്ല.
ഈ ജന്മനാളില് പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്ഡേ ഇച്ചാക്ക.'-മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഷോലെ എന്ന സിനിമയിലെ യേ ദോസ്തി ഹം നഹി തോഡംഗേയെ എന്ന ഗാനവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ പിറന്നാള്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് തൊട്ടുപിന്നാലെതന്നെ ആരാധകരുടെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. 'പില്ലര്‍ ഓഫ് മോളിവുഡ്' എന്നാണ് ആരാധകന് കുറിച്ചിരിക്കുന്നത്. മറ്റുള്ളവരും താരത്തിന് ജന്മദിനാശംസകള് നേര്‍ന്നു.