By Greeshma Rakesh.28 05 2023
പാലക്കാട്: പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി കെ കേശവന്‍ നമ്പൂതിരി (84)അന്തരിച്ചു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. നിരവധി ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ കേശവന്‍ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു.
സംഗീത കാസറ്റ്‌സ് പുറത്തിറക്കിയ പുഷ്പാഞ്ജലി, തരംഗിണിയുടെ വനമാല തുടങ്ങിയവയാണ് കേശവന്‍ നമ്പൂതിരിയുടെ ശ്രദ്ധേയമായ സംഗീത ആല്‍ബങ്ങള്‍.വിഘ്‌നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിന്‍കര വാഴും തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ഭക്തിഗാനങ്ങളാണ്.
യേശുദാസ്, ജയചന്ദ്രന്‍, സുജാത തുടങ്ങി നിരവധി പേര്‍ കേശവന്‍ നമ്പൂതിരിയുടെ സംഗീതത്തില്‍ പാടിയിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ക്ക് പുറമെ നിരവധി ലളിതഗാനങ്ങള്‍ക്കും കേശവന്‍ നമ്പൂതിരി സംഗീതം നല്‍കി. തൃശൂര്‍ ആകാശവാണിയിലെ ജീവനക്കാരനായിരുന്ന കേശവന്‍ നമ്പൂതിരി 1998-ലാണ് വിരമിച്ചത്.