By Lekshmi.01 02 2023
അടുത്തിടെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു.പിന്നാലെ പ്രിയങ്കാ ചോപ്രയും മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസും ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് തുറന്നുപറഞ്ഞ് നിക്ക് ജൊനാസ്.പ്രിയങ്കയെ വിവാഹം കഴിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രിയങ്കയ്‌ക്കൊപ്പം കുഞ്ഞിനെ വരവേല്‍ക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്നും നിക്ക് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന നിക്കിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്റ് ആയ ജൊനാസ് ബ്രദേഴ്‌സിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിക്ക്.തൊട്ടടുത്തായി വേദിയില്‍ മകളെ മടിയിലിരുത്തി പ്രിയങ്കയും ഇരിക്കുന്നുണ്ടായിരുന്നു.സ്‌നേഹം നിറഞ്ഞ പുഞ്ചിരിയോടെയാണ് നിക്കിന്റെ വാക്കുകള്‍ പ്രിയങ്ക കേട്ടത്.
'എന്റെ സുന്ദരിയായ ഭാര്യയായ നീ വളരെ ശാന്തയാണ്.കൊടുങ്കാറ്റ് വീശുമ്പോഴും പാറ പോലെ ഉറച്ചുനില്‍ക്കുന്നു.നിന്നെ വിവാഹം കഴിക്കാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു.അതുതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം.നിനക്കൊപ്പം രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷം'നിക്ക് പ്രസംഗത്തില്‍ പറഞ്ഞു.
ഇതിനിടെ മാല്‍തി നിക്കിനെ നോക്കി കുസൃതിയോടെ ചിരിക്കുന്നുണ്ടായിരുന്നു.'ഹായ് ബേബി' എന്ന് വിളിച്ച് മകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നിക്കും ശ്രമിച്ചു.ഈ പരിപാടിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തിയത്.ആദ്യമായി കുഞ്ഞിന്റെ മുഖം കണ്ടതിന്റെ സന്തോഷത്തില്‍ നിരവധി ആരാധകര്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഇതുവരെ ചിത്രങ്ങളിലെല്ലാം ഇരുവരും മകളുടെ മുഖം മറച്ചുവെച്ചിരുന്നു.മാസം പൂര്‍ത്തിയാകാതെ ജനിച്ച മാല്‍തി മൂന്നു മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ടായിരുന്നു.ആദ്യമായാണ് താരം മാല്‍തിക്കൊപ്പം ഒരു മാഗസിനുവേണ്ടി പോസ് ചെയ്യുന്നത്.ഇതിലും മാല്‍തിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണുള്ളത്.2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.