വിപ്ലവം സൃഷ്ടിച്ച് കടയ്ക്കൽ ചന്ദ്രൻ ജനമനസ്സുകൾ കീഴടക്കി

By Online Desk.28 03 2021

imran-azhar

സിനിമ പ്രേമികൾ ഏറെ  നാളായി കാത്തിരുന്ന ചിത്രമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ ആയി എത്തിയ "വൺ". ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലേറിയ ശേഷം ജനങ്ങളോടുള്ള കടമ മറക്കുന്ന ജനപ്രതിനിധികളുടെ നിരുത്തരവാദപരമായ പ്രവർത്തികൾക്ക് എതിരെ ഒരു "ബദൽ" നീക്കം ചർച്ച ചെയ്യുന്ന ചിത്രമാണ് വൺ. അഞ്ച് വർഷത്തിലൊരിക്കൽ മാത്രം പരമാധികാരം ജനങ്ങളുടെ കൈകളിലെത്തുന്ന ജനാധിപത്യ വ്യവസ്ഥയ്ക്കുള്ള ശക്തമായ ഒരു മറുമരുന്ന് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. ജനങ്ങളെ സേവിക്കേണ്ട  ജനപ്രതിനിധികൾ അത് മറന്നാൽ, അവർക്കുള്ള മറുപടി അപ്പോ തന്നെ ജനം നൽകുന്ന അവസ്ഥ, അധികാരം എന്നും ജനങ്ങളിൽ തന്നെ നിറയുന്ന അവസ്ഥ. ഏത് സാധാരണക്കാരനും കൊതിക്കുന്ന അങ്ങനെയൊരു കാലമാണ് വൺ എന്ന ചിത്രത്തിലൂടെ കേരളക്കരയാകെ ചർച്ചയായിരിക്കുന്നത്.

May be an image of 1 person, beard, wrist watch and text



ജനങ്ങൾക്കായി മാത്രം  നീക്കിവെച്ച ജീവിതമാണ്  മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ്റെത് . 33 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ മുഖ്യമന്ത്രി ആയിരിക്കുന്ന  കാലത്ത് ഒരു കോളേജ് വിദ്യാർത്ഥിയിൽ നിന്ന് അദ്ദേഹത്തിന് ഒരു വെല്ലുവിളി    നേരിടേണ്ടി വരുന്നു.  കേവലം രാഷ്ട്രീയ ചിത്രം എന്ന ലേബലിൽ മാത്രം ഒതുങ്ങാതെ കുടുംബ ബന്ധങ്ങളുടെ വൈകാരികത കൂടി കൃത്യമായി പറഞ്ഞ് പോകാൻ ചിത്രത്തിനായി എന്നുള്ളതും എടുത്ത് പറയേണ്ട വസ്തുത ആണ്.

1974ൽ സിപിഐ നേതാവ് സി. കെ ചന്ദ്രപ്പൻ ലോക്സഭയിൽ അവതരിപ്പിച്ച "റൈറ്റ് ടു റികോൾ" ബില്ലിലെ ആശയമാണ് കടയ്ക്കൽ  ചന്ദ്രൻ എന്ന മുഖ്യമന്ത്രിയും വൺ എന്ന ചിത്രവും മുന്നോട്ട് വെക്കുന്നത്. അന്ന് നിർഭാഗ്യവശാൽ പാസ്സാകാതെ പോയ ആ ബില്ലിലൂടെ നാടിന്റെ നന്മയ്ക്കുതകുന്ന രാഷ്ട്രീയം തന്നെയാണ് വൺ മുന്നോട്ട് വെക്കുന്നത്. ഇടതിൻ്റെയോ വലതിൻ്റെയോ രാഷ്ട്രീയം എന്നതിലുപരി നേരിൻ്റെ  രാഷ്ട്രീയം പറഞ്ഞാണ് വൺ ജനഹൃദയങ്ങളിലേക്ക് കയറുന്നതും.

ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യം കൃത്യമായി ജനങ്ങളിലേക്ക് എത്തി എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് ആയിരുന്നു ആദ്യ ദിനം തന്നെ ചിത്രത്തിന് ലഭിച്ച കളക്ഷൻ. ഈ വർഷം പുറത്തെത്തിയ ചിത്രങ്ങളിൽ ആദ്യ ദിനം ഏറ്റവും അധികം കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രം ആയിരിക്കുകയാണ് വൺ.  



മമ്മൂട്ടി എന്ന നടന്റെ പ്രകടന മികവ് വീണ്ടും മലയാളികൾക്ക് മുന്നിൽ വിളിച്ചോതുന്ന കഥാപാത്രമാണ് കടയ്ക്കൽ ചന്ദ്രൻ. മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങളിലൂടെ  പല അവസരങ്ങളിലും ഞെട്ടിക്കുന്നുണ്ട് അദ്ദേഹം. കടയ്ക്കൽ ചന്ദ്രന്റെ വിശ്വസ്തനായി എത്തുന്ന ബേബിയിലൂടെ തന്റെ നടന വൈഭവം രാകി മിനുക്കിയിട്ടുണ്ട് ജോജു. പ്രതിപക്ഷ നേതാവായി എത്തിയ  മുരളി ഗോപിയുടെ  പ്രകടനവും ശ്രദ്ധേയമായിട്ടുണ്ട്.

ആരും കൊതിക്കുന്ന രാഷ്ട്രീയ ആശയം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ബോബി -സഞ്ജയുടെ തിരക്കഥയും, അതിനു കൃത്യമായ ദൃഷ്യഭാശ ഒരുക്കിയ സന്തോഷ് വിശ്വനാഥിന്റെ സംവിധാന മികവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വൈദി സോമസുന്ദരത്തിന്റെ ക്യാമറയും ചിത്രത്തോട് അക്ഷരാർത്ഥത്തിൽ നീതി പുലർത്തിയിട്ടുണ്ട്.

എന്നെങ്കിലും നടപ്പായാൽ ഈ രാജ്യത്ത് തന്നെ വലിയൊരു ചരിത്രം ആകാവുന്ന ആശയം പ്രേക്ഷകർക്കായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞ് പോളിംഗ് ബൂത്തുകളിലേക്ക്‌ പോകുമ്പോൾ ഈ ആശയവും റൈറ്റ് ടു  റീക്കാൾ നിയമവും ഓരോ വോട്ടർമാരുടെയും മനസ്സിൽ മിന്നിമറയും എന്നതിന് സംശയമില്ല..

==============================

മത്സരിക്കുമോ ?? മാസ്സ് മറുപടിയുമായി മമ്മൂക്ക VIDEO :-

OTHER SECTIONS