ചാവേർ പോരാട്ടവീര്യത്തിന്റെ കഥ പറഞ്ഞ മാമാങ്കം : റിവ്യൂ വായിക്കാം

By online desk.12 12 2019

imran-azhar

 

കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയുടെ ചരിത്ര ഇതിഹാസ ചിത്രമായ മാമാങ്കം തീയേറ്ററുകളിൽ എത്തിയപ്പോൾ മലയാള സിനിമയിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം ഉണ്ടായിരിക്കുകയാണ്.ഏറെ സാങ്കേതിക തികവോടെയാണ് മാമാങ്കം നിർമിച്ചിരിക്കുന്നത്. VFX പോലുള്ള കാര്യങ്ങളിലും ഏറെ കയ്യടക്കം പുലർത്തുന്ന ചിത്രം മികച്ച തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. ഇത് വെറും മമ്മൂട്ടി സിനിമ മാത്രമല്ല ഉണ്ണി മുകുന്ദന്റെയും ,അച്യുതന്റെയും കൂടെ സിനിമയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ പോരാട്ടവീര്യത്തിന്‍റെ കഥ പറഞ്ഞ മാമാങ്കം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് തന്നെ പറയാം.ചന്ദ്രോത്ത് തറവാട്ടിലെ ചാവേര്‍ പോരാളികളുടെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍റെ രചനയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം പറയുന്നത്.

 

 

വള്ളുവനാട്ടിലെ ചാവേര്‍ പോരാളികള്‍ സാമൂതിരിയുടെ തല ലക്ഷ്യവച്ചായിരുന്നു തിരുനാവായ മണപ്പുറത്തെ മാമാങ്ക തറയില്‍ എത്തിയിരുന്നത്. ഒന്നുകിൽ കൊള്ളുക അല്ലെങ്കിൽ ചാകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ചാവേറും മാമാങ്കത്തിന് ഇറങ്ങി പുറപ്പെടുക.തിരുനാവായ മണപ്പുറത്തെ മാമാങ്കക്കാലത്തെ പോരാട്ടത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. മമ്മൂട്ടി ആരാധകരെ കൈയിലെടുക്കാനുള്ള പ്രകടനം ആദ്യ മിനിറ്റില്‍ തന്നെ സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. കാവ്യ ഫിലിംസിന് വേണ്ടി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

മാമാങ്കത്തിന്റെ ചരിത്രം പറയുന്ന രഞ്ജിത്തിന്റെ വോയിസ്‌ ഓവറോടെ തുടക്കം. വള്ളുവനാടും സാമൂതിരിയും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായ മാമാങ്കത്തറയിൽ നിന്നും ഒരു ചാവേർ മാത്രം രക്ഷപെടുന്നു, ചന്ദ്രോത്ത് വലിയ പണിക്കർ (മമ്മൂട്ടി). മാമങ്കതറയിൽ മരണം വരിക്കുന്നത് ധീരതയായി കാണുന്ന വള്ളുവനാട്ടുകാർക്ക് ചന്ദ്രോത്ത് പണിക്കർ ഒരു അപമാനമാണ്. ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇള തലമുറക്കാരായ രണ്ടു പേർ ചന്ദ്രോത്ത് പണിക്കർ , ചന്തുണ്ണി (ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍) ദേവി വിളി കേട്ട് വീണ്ടും മാമാങ്കതറയിലേക്ക് പോകുന്നു. മരിച്ചിട്ടായാലും വിജയം കൈവരിച്ച് വരാൻ വള്ളുവനാട്ടിലെ അമ്മമാർ അനുഗ്രഹിച്ച് വിടുന്നു.

 

ചാവേറുകൾ കോഴിക്കോടിന്റെ അതിർത്തി കടന്നു വരാതിരിക്കാൻ സാമൂതിരി പതിവുപോലെ വൻ സുരക്ഷ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിയുടെ വിശ്വസ്തനും പരദേശി വ്യാപാരിയും ആയ സമര്‍ കോയ ആട്ടക്കാരി ഉണ്ണിമായയുടെ കൂത്തുമാളികയിൽ വെച്ച് കൊല്ലപ്പെട്ടുന്നു. അന്വേഷണം നടക്കുന്നതിലൂടെയാണ് ചാവേറുകളിലേക്ക് കഥ പോകുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നു. യുദ്ധത്തിന്റെ നടുവിൽ പ്രേക്ഷകനെ എത്തിച്ചാണ് ആദ്യപകുതി പൂർത്തിയാവുന്നത്.

 

 

പോരാട്ടത്തിനൊപ്പം ചാവേറുകളുടെ ജീവിതത്തിലെ വൈകാരിക നിമിഷങ്ങളേയുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയുടെ ചന്ദ്രോത്ത് പണിക്കര്‍ വൈകാരിക രംഗങ്ങളില്‍ കൈയടി നേടുമ്പോള്‍ ചിത്രത്തിന്‍റെ നെടുന്തൂണായി നില്‍ക്കുന്നത് ചന്തുണ്ണിയെ അവതരിപ്പിച്ച മാസ്റ്റര്‍ അച്യുതനാണ്.സംഘട്ടന രംഗങ്ങളില്‍ ഉണ്ണി മുകുന്ദനും അച്യുതനും പുലര്‍ത്തിയ മികവ് ക്ലൈമാക്‌സിനെ മികച്ച കാഴ്ചാനുഭവമാക്കുന്നു. സംഘട്ടന രംഗങ്ങളില്‍ കൈയടി നേടുന്നതും ഇവര്‍ തന്നെ. തന്‍റെ സ്വാഭാവിക അഭിനയ മികവുകൊണ്ട് സിദ്ധിഖ് തന്‍റെ കഥാപാത്രത്തെ മികച്ചതാക്കിയിരിക്കുന്നു. ഒരു ഗാനരംഗത്ത് മമ്മൂട്ടിയുടെ ഡാന്‍സും സ്‌ത്രൈണത കലര്‍ന്ന സംസാരവും അരോചകമാകുന്നുണ്ട്.സഞ്ജിത് ബല്‍ഹാരയും അങ്കിത് ബല്‍ഹാരയും ചേര്‍ന്നൊരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിൽ നല്ലൊരു ഉണർവ് പകരുന്നുണ്ട്. മാമാങ്കത്തറ എന്ന ദൃശ്യ വിരുന്നിനെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് മനോജ് പിള്ളയാണ്. മികവുറ്റ ഒരു പിടി ദൃശ്യങ്ങള്‍ മനോജ് പിള്ള പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്. ചിത്രത്തിനായി ഒരുക്കിയ വലിയ സെറ്റുകളും തിരഞ്ഞെടുത്ത ലൊക്കേഷനുകളും മറ്റൊരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുകയും പ്രേക്ഷകരെ കൂടെ കൂട്ടുകയും ചെയ്യുന്നുണ്ട്.ചുരുക്കത്തിൽ തീയേറ്ററിൽ നിന്നു, തീയേറ്ററിൽ നിന്നു മാത്രം കാണേണ്ട ചിത്രമാണ് മാമാങ്കം. വടക്കൻ വീരഗാഥയ്ക്കും, പഴശിയ്ക്കും ശേഷം മറ്റൊരു അഭിമാന ചിത്രമായിരിക്കും മാമാങ്കം.

OTHER SECTIONS