മുൻപ് കണ്ടിട്ടില്ലാത്ത മട്ടാഞ്ചേരി കാഴ്ചകളുമായി വലിയ പെരുന്നാൾ ഇങ്ങെത്തി!!!

By BINDU PP.22 12 2019

imran-azhar

 

"ഇത് പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ പോലുമാക്കാത്ത ഷെയ്‌നിന്റെ വലിയ പെരുന്നാള്‍". ലാറ്റിൻ അമേരിക്കൻ സിനിമകളിൽ കാണുന്ന രീതിയിലുള്ള മേക്കിങ്ങാണ് നവാഗതനായ ഡിമല്‍ ഡെന്നിസ് വലിയ പെരുന്നാളിൽ ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയെയും , മ‍ട്ടാഞ്ചേരിയെയും മാജിക്കൽ റിയലിസം കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതിന് മുൻപും മ‍ട്ടാഞ്ചേരി പല സിനിമകളിലും പശ്ചാത്തലമായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അവിടുത്തെ മുക്കും മൂലയും പ്രേക്ഷകനെ കൊണ്ട് സഞ്ചരിപ്പിക്കുന്നത്. ഇത് അക്കറിന്റെയും കൂട്ടാളികളുടെ മാത്രം കഥയല്ല , മ‍ട്ടാഞ്ചേരിയുടെ കഥയാണ്. മാസ് ആക്ഷൻ ചിത്രമാക്കാമായിരിന്നിട്ടും ഇതിനെ തികച്ചും റിയാലിസ്റ്റിക്കാക്കിയ സംവിധായകൻ കൈയ്യടി അർഹിക്കുന്നു.

 

മ‍ട്ടാഞ്ചേരിയും അവിടുത്തെ ഗ്യാങ്ങുകളുടേയും കഥയാണ് ചിത്രം പറയുന്നത്. ഒറ്റമുറി വീട്ടിൽ കഴിയുന്ന എല്ലാവർക്കും ജീവിക്കാനും തട്ടിപ്പ് നടത്താനുമൊക്കെ ഓരോ കാരണങ്ങളുണ്ട്. അവിടുത്തെ പച്ചയായ ജീവിതങ്ങളെ അതേപോലെ പകർത്തിയെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രഫഷണൽ ഡാൻസറായ അക്കറിലൂടെയാണ് (ഷെയ്ൻ നിഗം ) കഥ മുന്നോട്ട് പോവുന്നത്. എല്ലാ തട്ടിപ്പ് സങ്കേതങ്ങളും അവസാനിക്കുന്നതും തുടങ്ങുന്നതും മ‍ട്ടാഞ്ചേരിയിലെ ആ തുരുത്തിലാണ്. കുഞ്ഞു ഗ്യങ്ങുകളായി എല്ലാവരും ഓരോയിടങ്ങളിൽ ആണെങ്കിലും അവസാനം ഒരു കുട കീഴിൽ എത്തിക്കുകയാണ്.

 

 

കടക്കെണിയിൽ പെട്ട് കഴിയുന്ന ശിവൻ എന്ന ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തെയും സ്വർണ കച്ചവടത്തിനായി വന്ന മാർവാടി കുടുംബത്തെയും ഒരു സംഘം ആക്രമിച്ചു സ്വർണം കവർച്ച ചെയുന്നിടത്തു നിന്നാണ് വലിയ പെരുന്നാള്‍ കൊടിയേറുന്നത്. പിന്നിട് സിനിമയുടെ ഗതി മുഴുവൻ മാറുകയാണ്.മ‍ട്ടാഞ്ചേരിയിലെ അക്കറിന്റെയും അവന്റെ ഗ്യാങ്ങിന്റെയും അവിടെയുള്ള ചില്ലറ ഇടപാടുകളും അവിടെനിന്ന് അവർ നേരിടുന്ന വെല്ലുവിളകളാണ് ചിത്രം പറയുന്നത്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉമ്മയും വാപ്പയും പിന്നെ കോ ഡാൻസറായ കാമുകിയും കൂട്ടുകാരുമാണ് അക്കറിന്റെ ലോകം. പ്രൊഫഷണൽ ഡാൻസറാണെങ്കിലും അല്ലറ ചില്ലറ തട്ടിപ്പ് പരുപാടികൾക്കും അക്കർ പോവാറുണ്ട്.

 

 

മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളും, സാമൂഹിക അവസ്ഥയും ഇതിൽ പ്രതിബാധിക്കുണ്ട്. മഴ പെയ്യുമ്പോൾ ചോരുന്ന വീടുകളും, കുടുസുമുറികളിൽ തിങ്ങി നിരങ്ങി ജീവിക്കേണ്ടി വരുന്നവർ ഒരു വശത്തു ജീവിക്കുമ്പോൾ, മറുവശത്തു രണ്ടും മൂന്നും വീടുകൾ സ്വന്തമായുള്ള മുതലാളിമാരും ഉള്ള കൊച്ചിയുടെ സാമ്പത്തികമായുള്ള വേർതിരിവ് തന്നെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ഓരോ അക്കറിനെയും പച്ചയെയും എല്ലാം സമൂഹം ഉണ്ടാക്കിയെടുക്കുന്നതെന്ന് വലിയ പെരുന്നാളിലൂടെ കാണിക്കുന്നുണ്ട്. എല്ലാം അടിഞ്ഞുകൂടുന്ന ഫോർട്ട് കൊച്ചിയിലുള്ള ജീവിതങ്ങളെ കാണാൻ എല്ലാവരും മറക്കുന്നു. ജീവിക്കാൻ വേണ്ടി എന്തും ചെയ്യേണ്ടിവരുന്നു ഒരു യുവ തലമുറയെ സമൂഹം വാർത്തെടുക്കുന്നത് ചിത്രത്തിൽ തുറന്നു കാണിക്കുന്നുണ്ട്.

 

രണ്ടാം പകുതി തുടങ്ങുന്നതോടെയാണ് വലിയ പെരുന്നാൾ ഓൺ ആവുന്നത്. കഥയിലെ ട്വിസ്റ്റുകൾ കയറിവരുന്നത്തോടെ ചിത്രം കൂടുതൽ ത്രില്ലിങ്ങാവുന്നു. ട്രാപ്പിൽ പ്പെടുന്ന അക്കറിന്റെയും കൂട്ടുകാരുടെയും ഉഷാറായുള്ള തിരിച്ചുവരവാണ് രണ്ടാം പകുതി. അക്കറിനെ അധോലോക സെറ്റപ്പിലേക്ക് എത്തിക്കുന്നുണ്ട്. മ‍ട്ടാഞ്ചേരിയിലെ അക്കറിന്റെയും കൂട്ടുകാരുടെയും തലതൊട്ടപ്പന്മാരെ ഗംഭീരമായി കാണിക്കുന്നുണ്ട്. ചില തിരിച്ചറിവുകൾ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഒരു ട്രാപ്പിൽ പെട്ടുപോയാൽ പിന്നിട് അതിൽ ആയിപോകുന്ന അപകടകരമായ ഒരു സത്യംവും ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഇതിൽ ഇടപെടുന്ന പോലീസുകാർക്കുള്ളിലെ കള്ളക്കഥകളും വഞ്ചനയുമെല്ലാം പറയുമ്പോൾ തന്നെ, എങ്ങനെയാണു ക്രിമിനലുകളെ സാമൂഹിക നിയമ സംവിധാനങ്ങൾ നിര്മിക്കുന്നതെന്നും ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിൽ കാണിക്കുന്നുണ്ട്.

 

അക്കർ എന്ന കഥാപാത്രത്തെ ഷെയ്ൻ നിഗമല്ലാതെ മറ്റൊരാളെ ആലോചിക്കാൻ പോലും പറ്റില്ല. ആ ഒരു കഥാപാത്രമായി ഷെയ്ൻ ജീവിക്കുകയാണ് . കുത്തി നിറച്ച ഒരുപാട് കഥാപാത്രങ്ങൾ ചിത്രത്തിൽ കയറി വരുന്നുണ്ട്. ഗംഭീരമായ തിരഞ്ഞെടുപ്പാണ് ഡാംവിധായകന്റെത്. പുതുമുഖ നടി ഹിമിക ബോസും പൂജ എന്ന ആക്കറിന്റെ കാമുകിയുടെ കഥാപാത്രത്തെ മികവുറ്റതാക്കി.അലെന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ക്യാപ്റ്റന്‍ രാജു, വിനായകന്‍, നിഷാന്ത് സാഗര്‍, സുധീര്‍ കരമന എന്നിവരും ബോളിവുഡില്‍ നിന്ന് അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാന ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍.

 

 

ഡിമൽ ഡെന്നിസും തസ്‌രീഖ്അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. മട്ടാഞ്ചേരിയുടെയും ഫോർട്ട് കൊച്ചിയുടെയും ദൃശ്യ സാദ്ധ്യതകൾ വേണ്ടുവോളം ഉപയോഗിക്കാൻ സുരേഷ് രാജന്റെ ക്യാമറക്ക് കഴിഞ്ഞിട്ടുണ്ട്. റെക്സ് വിജയന്റെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയെ ബോറടിപ്പിക്കാതെ സംവിധായകന് ചെയ്യാൻ സാധിച്ചിട്ടുണ്ട്. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മ്മിച്ച ചിത്രം അന്‍വര്‍ റഷീദാണ് അവതരിപ്പിച്ചത്.

 

OTHER SECTIONS