By Ashli Rajan.07 02 2023
ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര.മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികത. അതാണ് കാന്താര. ഫാന്റസിയില്‍,ഒരു നാടോടിക്കഥയില്‍, തുടങ്ങി കൃത്യവും വ്യക്തവുമായ അടിസ്ഥാനവര്‍ഗ രാഷ്ട്രീയമാണ് ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാന്താര മുന്നോട്ടുവെക്കുന്നത്.
ഉത്തരകേരളത്തിന്റെ തെയ്യവും കര്‍ണാടകയുടെ ദൈവക്കോലവും ഇഴ ചേര്‍ന്ന തുളുനാടന്‍ സംസ്‌ക്കാരമുദ്രയാണ് കാന്താരയുടെ കാതല്‍. തീരദേശ കര്‍ണാടകയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ മിത്തിന്റെ ചായം പൂശി കാന്താര അവതരിപ്പിക്കുന്നു. കേരളത്തിന്റെ തനതുരൂപമായ തെയ്യത്തിന്റെ മനോഹാരിത കാന്താര പകര്‍ത്തിയതു പോലെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പറയേണ്ടി വരും.
395 കോടിയുടെ ബോക്‌സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വന്‍ വിജയം നേടിയ ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്റെ പ്രഖ്യാപനം.
കാന്താരയുടെ ചിത്രീകരണത്തിനിടെയാണ് പ്രീക്വല്‍ എന്ന ആശയം തന്റെ മനസ്സില്‍ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. കാന്താരയോട് അപാരമായ സ്‌നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി. ഈ അവസരത്തില്‍ കന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കണ്ടത് യഥാര്‍ത്ഥത്തില്‍ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വര്‍ഷം വരും ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചു.
കാന്താരയുടെ ഷൂട്ടിംഗ് നടത്തുമ്പോഴാണ് പെട്ടെന്ന് പ്രീക്വല്‍ ആശയം മനസ്സില്‍ തെളിഞ്ഞത്, നിലവില്‍, ഇതിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. ഞങ്ങള്‍ കൂടുതല്‍ വിശദാംശങ്ങളില്‍ ഗവേഷണം നടത്തുകയാണ്. ഇത് നന്നായി പുരോഗമിക്കുന്നു. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
ഈ പരിപാടിയില്‍ സംസാരിച്ച കാന്താരയുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ മേധാവി വിജയ് കിരഗണ്ഡൂര്‍ ചിത്രം സംബന്ധിച്ച് ശുഭപ്രതീക്ഷയാണ് പങ്കുവച്ചത്. കാന്താര പ്രേക്ഷകര്‍ക്ക് മൊത്തത്തില്‍ ഒരു പുതിയ സിനിമ അനുഭവം നല്‍കി. കാന്താര സൃഷ്ടിച്ച പ്രേക്ഷകര്‍ക്കിടയിലെ ആവശേം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
കാന്താര 100 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ പുതിയ കഥ പറയാന്‍ ഋഷഭും സംഘവും തയ്യാറാകുകയാണ്. കാന്താരയുടെ തുടര്‍ഭാഗം മുമ്പത്തേക്കാള്‍ വലുതും ഗംഭീരവുമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും ഹൊംബാളെ ഫിലിംസിന്റെ മേധാവി ചടങ്ങില്‍ പറഞ്ഞു.
വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ തങ്ങള്‍ മുടക്കുക 3000 കോടി ആയിരിക്കുമെന്ന് ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒന്നാണ് കാന്താര 2. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച കാന്താരയുടെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. പിന്നാലെ ഒടിടി റിലീസിലും വലിയ സ്വീകാര്യത നേടി ചിത്രം. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 24 നാണ് ചിത്രം എത്തിയത്.