മലയാള സിനിമയുടെ 'തിലക'ക്കുറി മാഞ്ഞിട്ട് 11 വര്‍ഷം

By Web desk.24 09 2023

imran-azhar

 


അഭിനയ വൈഭവംകൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച തിലകന്‍ ഓര്‍മയായിട്ട് 11 വര്‍ഷം. കഥാപാത്രങ്ങളിലേക്ക് ആഴത്തിലറങ്ങി അവയെ അനശ്വരമാക്കുമന്ന അപൂര്‍വ സിദ്ധിയാണ് തിലകനെന്നകലാകാരന് എക്കാലവും മലയാള സിനിമയുടെ പാഠപുസ്തകത്തില്‍ ഇടം നല്‍കുന്നത്.

 

1981 ലെ കെ ജി ജോര്‍ജ് ചിത്രമായ കോലങ്ങളിലെ കള്ളുവര്‍ക്കി എന്ന മദ്യപാനിയില്‍ തുടങ്ങിയ സിനിമാ പ്രവേശനം 300ഓളം വേഷങ്ങളിലാണ് അവസാനിച്ചത്. സമാനതകളില്ലാത്ത അച്ഛന്‍ വേഷങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ തിലകന്‍ കാണിച്ചുതന്നു. പരസ്പരം തിരിച്ചറിയാത്ത സ്ഫടികത്തിലെ ചാക്കോ മാഷും കിരീടത്തിലെ അച്യുതന്‍ നായരും രണ്ടുദാഹരണങ്ങള്‍ മാത്രം.

 

 

 


പെരുന്തച്ചന്‍, ചെങ്കോല്‍, വീണ്ടും ചില വീട്ടു കാര്യങ്ങള്‍, പവിത്രം, സന്ദേശം, നരസിംഹം തുടങ്ങിയ മറ്റനേകം ശ്രദ്ധേയമായ സിനിമകള്‍... സ്ഫടികത്തിലെ ചാക്കോ മാഷിന്റെ വേഷം കണ്ട് അത്ഭുതപ്പെട്ട ശിവാജി ഗണേശന്‍ തനിക്ക് ആ വേഷം ചെയ്യാനാകുമോ എന്ന് ആശങ്കപ്പെട്ടു.

 

ചട്ടമ്പി, കുടിയന്‍, പുതുപ്പണക്കാരന്‍, പൊലീസുകാരന്‍, ധനാഢ്യന്‍, ഏഷണിക്കാരന്‍, അധ്യാപകന്‍, കാര്യസ്ഥന്‍, മന്ത്രവാദി, നേതാവ്, എന്നിങ്ങനെ തിലകന്‍ അണിയാത്ത വേഷങ്ങള്‍ കുറവാണ്.

 

സത്യന്‍ അന്തിക്കാടിന്റെ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ ദാമോദര്‍ജിയായുള്ള പകര്‍ന്നാട്ടം വേറിട്ട കഥാപാത്രങ്ങളിലൊന്നാണ്. ഗൗരവക്കാരന്‍ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങുന്ന ആളല്ല താനെന്ന്
നാടോടിക്കാറ്റിലെ അനന്തന്‍ നമ്പ്യാരെ പോലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.

 

അഭിനയം സിനിമയില്‍ മാത്രമെന്ന് വിളിച്ചു പറയുംവിധമുള്ള സ്വഭാവത്തിന് ഉടമയായിരുന്നു തിലകന്‍.മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കിട്ടുന്ന കെമിസ്ട്രി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചാല്‍ കിട്ടില്ലെന്ന് തുറന്ന് പറഞ്ഞ തിലകന്‍, അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിലൂടെ സിനിമാ ലോകത്ത് നിഷേധിയെന്ന് മുദ്രകുത്തപ്പെട്ട വ്യക്തിയാണ്.

 


എന്തും വെട്ടിത്തുറന്ന് പറയുന്ന തന്റെ പ്രകൃതമാണ് താന്‍ വിലക്കപ്പെടാന്‍ കാരണമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.പത്മശ്രീ നല്‍കി രാജ്യം ആദരിച്ച വ്യക്തിയല്ലേ ഞാന്‍, എന്നെ വിലക്കാമോ എന്നുമദ്ദേഹം പരാതിപ്പെട്ടു.

 

വിലക്കപ്പെട്ട നാളുകളില്‍ 83 ഓളം നാടക വേദികളില്‍ അദ്ദേഹം നിറസാന്നിധ്യമായി. 'ദൈവത്തിന്റെ സ്വന്തം നാടോ ഇത്' എന്നായിരുന്നു നാടകത്തിന്റെ പേര്.

 

മലയാള സിനിമ മഹാനടനോട് കാണിച്ച അനീതിയായിരുന്നു ആ വിലക്കെന്ന് സംവിധായകന്‍ വിനയന്‍ അഭിപ്രായപ്പെട്ടു. വിലക്കിന് ശേഷം രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയിലൂടെയാണ് തിലകന്‍ തിരിച്ചു വരുന്നത്. വാര്‍ധക്യത്തിന്റെ പടിക്കല്‍ നിന്നും ഇന്ത്യന്‍ റുപ്പിയിലെ അച്ച്യുതമേനോനായും ഉസ്താദ് ഹോട്ടലിലെ കരീമിക്കയെയും അദ്ദേഹം അവിസ്മരണീയമാക്കി.

 

കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ജാതിയും മതവും പൂരിപ്പിക്കേണ്ട കോളം ഒഴിച്ചിട്ട്,. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുതെന്ന ശ്രീനാരായണ ഗുരുവിന്റെ തത്വത്തിനെ പിന്തുടരുന്നവനാണ് താനെന്ന് പറഞ്ഞ് കോളേജ് അധികൃതരെ എതിര്‍ത്ത ധീര മനുഷ്യനാണ് തിലകന്‍.

 

കലാലയ ജീവിതത്തിലെ ആദ്യത്തെ ബ്ലാക്ക് മാര്‍ക്ക് അന്ന് വീണു എന്നദ്ദേഹം ഓര്‍ക്കുന്നു. ഒരു കാര്യം പറയാന്‍ ആരുടേയും പ്രതികരണം ഭയപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. സത്യമാണ് ദൈവം. സത്യത്തിന്റെ കൂടെ നിലനില്‍ക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരികയെന്ന് അദ്ദേഹം വിശ്വസിച്ചു.

 

 

 

അജയന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ 'പെരുന്തച്ചന്‍', 'സന്താനഗോപാലം', 'ഗമനം' എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങള്‍ക്ക് ആ വര്‍ഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം തിലകനെ തേടിയെത്തി.

 

2007 ല്‍ 'ഏകാന്തം' എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്‌കാരവും തിലകന് ലഭിച്ചു.2009 ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

 

2012 സെപ്റ്റംബന്‍ 24ന് ആണ് നടനതിലകം നമ്മോട് വിട പറഞ്ഞത്. സിനിമയിലും ജീവിത്തിലും അതുല്യത കാത്തുസൂക്ഷിച്ച മഹാപ്രതിഭക്ക് ഓര്‍മപ്പൂക്കള്‍.

 

 

 

OTHER SECTIONS