'മലയാള സിനിമയെ നശിപ്പിച്ചിട്ടില്ല,സ്‌നേഹിച്ചിട്ടെയുള്ളൂ'; സന്തോഷ് വര്‍ക്കി

By Greeshma Rakesh.03 06 2023

imran-azhar


മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധേയേനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നീട് നിരവധി സിനിമകള്‍ക്ക് ഇയാള്‍ റിവ്യുകളുമായി എത്തുകയും അവയെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ റിവ്യു പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സന്തോഷിന് നേരെ കയ്യേറ്റം നടന്നിരുന്നു.

 

സിനിമ കാണാതെ റിവ്യു പറഞ്ഞുവെന്ന കാരണത്തിനായിരുന്നു കയ്യേറ്റം. 'വിത്തിന്‍ സെക്കന്‍ഡ്സ്' എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ഈ അവസരത്തില്‍ സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

 

'ഞാന്‍ മലയാള സിനിമയെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്‌നേഹിച്ചിട്ടേ ഉള്ളു. ആവശ്യം ഇല്ലാതെ എന്നെ തല്ലിയതിനുള്ള ശിക്ഷ നിങ്ങള്‍ക്ക് ദൈവം തന്നോളും', എന്നാണ് സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം സന്തോഷ് വര്‍ക്കിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സമ്മിശ്ര പ്രതികരണങ്ങളും ഉയരുന്നുണ്ട്.

 


'എന്റെ അച്ഛനെ എത്ര പേര്‍ ബഹുമാനിച്ചയാളായിരുന്നു. ഇന്നും അച്ഛന്റെ കീഴില്‍ വര്‍ക്ക് ചെയ്ത ഒരാള്‍ ആ തിയേറ്ററിലുണ്ടായിരുന്നു. അയാള്‍ എന്നോട് വിഷമം തോന്നുന്നുവെന്ന് പറഞ്ഞു. ഇതും ആള്‍ക്കാര്‍ വൈറലാക്കും ഒരു എത്തിക്സുമില്ല. എന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ഒന്ന് വൈറലായി, രണ്ട് എന്റെ അച്ഛന്‍ മരിച്ചു പോയി. ഞാന്‍ വെറും കോമാളിയായി', എന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ സന്തോഷ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

 


അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി 'വിത്തിന്‍ സെക്കന്‍ഡ്സ്' നിര്‍മാതാവ് സംഗീത് ധര്‍മരാജന്‍ രംഗത്തെത്തിയിരുന്നു. സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് സംഗീത് ധര്‍മരാജന്‍ പറയുന്നു. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്തത് പുറത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

OTHER SECTIONS