By Web Desk.05 02 2023
വാണി ജയറാം സ്റ്റുഡിയോക്ക് അകത്തും പുറത്തും ബോള്‍ഡായിരുന്നു എന്ന് ഗായകന്‍ ജയചന്ദ്രന്‍. ശരിയല്ലെന്ന് തോന്നുന്ന ഏതു കാര്യവും വെട്ടിത്തുറന്ന് പറയും. വാണി ജയറാം പാട്ടു പഠിക്കുന്നത് കണ്ടാല്‍ അത്ഭുതം തോന്നും. വളരെ ബുദ്ധിയുള്ള ഗായികയായിരുന്നു എന്നും ജയചന്ദ്രന്‍ പറഞ്ഞു.
മരിക്കുന്നതിന് ഏതാനും ദിവസം മുമ്പും സംസാരിച്ചിരുന്നു. പദ്മഭൂഷണ്‍ കിട്ടിയപ്പോള്‍ വിളിച്ചു. ഏറെ സന്തോഷത്തോടെയായിരുന്നു സംസാരിച്ചത്. മരണ വാര്‍ത്ത വലിയ ഷോക്കായി. കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നു പോയി.
മലയാളത്തില്‍ അധികം പാട്ടുകള്‍ ഒരുമിച്ച് പാടിയിട്ടില്ല. എന്നാല്‍, തമിഴിലും തെലുങ്കിലും പാടിയെന്നും അദ്ദേഹം പറഞ്ഞു.
ഗാനമേളകളില്‍ ഒരുപാട് തവണ ഒരുമിച്ച് പാടിയിട്ടുണ്ട്. ഓലഞ്ഞാലി കുരുവി എന്ന പാട്ടാണ് ഏറെപ്പേര്‍ ശ്രദ്ധിച്ചതെന്നും ഭാവഗായകന്‍ പറഞ്ഞു.
വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തില്‍ അധികം ഗാനങ്ങള്‍ പാടിയ വാണി ജയറാം ശനിയാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടി. കുമാര്‍ഗന്ധര്‍വ്വയുടെ പക്കല്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്.
എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്‌മണ്യന്‍, ആര്‍.എസ്. മണി എന്നിവരാണ് കര്‍ണാടക സംഗീതത്തിലെ ഗുരുക്കന്മാര്‍.
1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്ലെക്കൊപ്പം 'പക്കീസ' എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി.