By സൂരജ് സുരേന്ദ്രന്‍.29 10 2021
കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനത്ത് തീയറ്ററുകൾ സജീവമാകുകയാണ്. ഒക്ടോബർ 28ന് തീയറ്ററുകൾ തുറന്ന ശേഷം ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ജോജു ജോർജ് - ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത 'സ്റ്റാർ'. "Burst of Myths" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽപ്പെടുന്ന 'സ്റ്റാർ' മികച്ചൊരു കുടുംബ ചിത്രം കൂടിയാണ്. അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സ്റ്റാറിന്.
ജോജു അവതരിപ്പിക്കുന്ന റോയ് എന്ന കഥാപാത്രത്തിന്റെയും ഷീലു അവതരിപ്പിക്കുന്ന ആർദ്ര എന്ന കഥാപാത്രത്തിന്റെയും ജീവിത പരിസരങ്ങളിലൂടെയും, കുടുംബ പശ്ചാത്തലങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. നായികാ കഥാപാത്രമായ ആർദ്ര ഒരു ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. ആർദ്ര അസിസ്റ്റന്റ് പ്രൊഫസറാണ്. റോയി ബിസിനസുകാരനുമാണ്. ഹിന്ദുവായ ആർദ്രയും ക്രിസ്ത്യാനിയായ റോയിയും മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. ആചാരങ്ങളും അന്ധവിശ്വാസങ്ങളും മുറുകെ പിടിക്കുന്ന ആർദ്രയുടെ അമ്മയ്ക്കും കുടുംബത്തിനും ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നെന്ന സത്യവും കഥാതന്തുവിൽ പ്രകടമാണ്.
ചിത്രത്തിൽ ഷൈനി സാറ അവതരിപ്പിക്കുന്ന കഥാപാത്രവും എടുത്തുപറയേണ്ടതാണ്. നമ്മുടെ നാട്ടിൻപുറങ്ങളിൽ നോക്കിയാൽ ഇതുപോലെ നിരവധി പേരെ നമുക്ക് കാണാൻ സാധിക്കും. നാടോടിക്കഥകളുടെയും അന്ധവിശ്വാസങ്ങളുടെയും, ദുരാചാരങ്ങളുടെയും ഒരു വക്താവായാണ് ചിത്രത്തിൽ ഷൈനി സാറയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ആർദ്രയുടെ ജീവിതത്തിലും സ്വഭാവത്തിലും കടന്നുവരുന്ന അപ്രതീക്ഷിത മാറ്റങ്ങളിലൂടെയും, ദുരൂഹതകളിലൂടെയുമാണ് പിന്നീട് കഥയുടെ പോക്ക്. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ എന്നിവരാണ് ആർദ്രയുടെയും റോയിയുടെയും മക്കളായി വേഷമിട്ടിരിക്കുന്നത്.
മക്കൾക്കും ആർദ്രയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയും, ഈ അസ്വാഭാവികത പിന്നീട് അന്ധവിശ്വാസങ്ങളുമായി കൂടിച്ചേരുകയുമാണ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് പ്രേക്ഷകന് ഒരു ഒഴുക്ക് അനുഭവപ്പെടുന്നത്. ആർദ്രയും കുടുംബവും തന്റെ തറവാട്ടിലേക്കും അവിടെയുള്ള കുറുവാ കാവിലേക്കും പോകുന്നതാണ് രണ്ടാം പകുതിയിലെ വിശേഷം. ആർദ്രയുടെ തറവാടിന്റെയും കുറവാ കാവിന്റെയും നയനമനോഹരമായ ദൃശ്യങ്ങളും മികച്ച രീതിയിലാണ് ഒപ്പിയെടുത്തിരിക്കുന്നത്. ആർദ്രയുടെ സ്വഭാവത്തിലെ അസ്വാഭാവികത കൂട്ടിവായിക്കപ്പെടുന്നത് പ്രേതബാധയുമായാണ്. എന്നാൽ ഈ അന്ധവിശ്വാസങ്ങളെല്ലാം പിന്നീട് കുഴിച്ചുമൂടുന്നത് യുക്തിയിലൂടെയാണ്.
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തിന്റെ എൻട്രിയിലൂടെയാണ് കഥാഗതിയിൽ പൂർണത കൈവരുന്നത്. എന്തുകൊണ്ടും നീണ്ട ഇടവേളക്ക് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ പ്രേക്ഷകന് ആസ്വദിക്കാനാകുന്ന ചിത്രം തന്നെയാണ്. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.