സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു : വിടവാങ്ങിയത് സത്യജിത് റേയുടെ പ്രിയ നടന്‍

By Web Desk.15 11 2020

imran-azhar

ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ ഓര്‍മ്മയായി. മാസ്റ്റര്‍ ഡയറക്ടര്‍ അകിര കുറസോവയ്ക്ക് തോഷിറോ മിഫുനെയെപ്പോലെയായിരുന്നു, സത്യജിത്ത് റേക്ക് സൗമിത്ര ചാറ്റര്‍ജി. അഭിനയപ്രതിഭ മാത്രമല്ല, അഞ്ചുപതിറ്റാണ്ടിലേറെ ബംഗാളി സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിതവുമായിരുന്നു സൗമിത്ര ബാനര്‍ജി.

 

സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ്, 1959 ല്‍ സൗമിത്ര സിനിമയില്‍ തുടക്കമിട്ടത്. പിന്നീട്, അദ്ദേഹം റേയുടെ പതിനഞ്ച് ചിത്രങ്ങളുടെ ഭാഗമായി. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങി ബംഗാളി സിനിമയില്‍ പുതുഭാവുകത്വം സൃഷ്ടിച്ച സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

 

കൊല്‍ക്കത്തയിലെ മിര്‍സാപുരിലാണ് സൗമിത്രയുടെ ജനനം. പത്തു വയസുവരെ അദ്ദേഹം വളര്‍ന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലും. സൗമിത്രയിലെ നടനെ രൂപപ്പെടുത്തിയത് നാടകത്തിന്റെ ഈറ്റില്ലമായ കൃഷ്ണനഗറാണ്. മുത്തച്ഛനും അഭിഭാഷകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന അച്ഛനും സൗമിത്രയിലെ നടന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തി.

 

 

സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു സൗമിത്ര. പിന്നീട് അഭിനയമാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഹൗറ സില്ല സ്‌കൂളിലും കൊല്‍ക്കത്ത സിറ്റി കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലുമായി അദ്ദേഹം പഠനം പൂര്‍ത്തിയാക്കി.

 

 

പഠനകാലത്തുതന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹിന്ദ്ര ചൗധരിയില്‍ നിന്ന് അഭിനയ പരിശീലനം നേടി. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍, അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി.

 

സത്യജിത്ത് റേ അപരാജിതോ എന്ന സിനിമയുടെ പണിപ്പുരയിലായിരിക്കുമ്പോഴാണ് സൗമിത്ര അവസരം തേടി അദ്ദേഹത്തെ സമീപിച്ചത്. സൗമിത്രയെ റേയ്ക്ക് ഇഷ്ടമായി. എന്നാല്‍, അപരാജിതോയില്‍ സൗമിത്രക്ക് അനുയോജ്യമായ കഥാപാത്രം ഉണ്ടായിരുന്നില്ല. എന്നാല്‍, ചിത്രത്തിന്റെ അടുത്ത ഭാഗത്തില്‍ പ്രധാന വേഷത്തിലേക്ക് റേ, സൗമിത്രയെ വിളിച്ചു.

 

ബംഗാളി സിനിമയില്‍ സ്വാഭാവിക അഭിനയത്തിന്റെ കരുത്തില്‍ തിളങ്ങിയ സൗമിത്ര ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളാണ്. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയും സൗമിത്ര ബാനര്‍ജിയെ തേടിയെത്തി.

OTHER SECTIONS