വൈകി ലഭിച്ച പത്മഭൂഷന്‍ വാങ്ങാനാകാതെ വാണിയുടെ മടക്കം

By ബി വി അരുണ്‍ കുമാര്‍.04 02 2023

imran-azhar

 

മലയാള സിനിമയില്‍ ഗായികയായി എത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ വേളയിലാണ് വാണി ജയറാമിന്റെ മടക്കം. 1973ല്‍ പുറത്തിറങ്ങിയ സ്വപ്നം എന്ന സിനിമയിലാണ് വാണി ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്.

 

സലില്‍ ചൗധരിയായിരുന്നു സംഗീതം. ആദ്യം ഗാനം തന്നെ തനിക്ക് മലയാളത്തില്‍ ആത്മധൈര്യം നല്‍കിയെന്ന് വാണി പറഞ്ഞിരുന്നു. മാത്രമല്ല അവരുടെ ഗാനാലാപന ജീവിതത്തില്‍ വഴിത്തിരിവാവുകയും ചെയ്ത ഗാനം ഇതായിരുന്നു.

 

കഴിഞ്ഞയാഴ്ചയാണ് ഗായിക വാണി ജയറാമിന് കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് ഏറ്റുവാങ്ങാതെയാണ് വാണിയുടെ മടക്കം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു.

 

എന്നാല്‍ അവര്‍ക്കു പിന്നാലെയെത്തിയ നിരവധി ഗായികമാര്‍ക്കും ഗായകന്‍മാര്‍ക്കും പത്മശ്രീയും പത്മഭൂഷണും ലഭിച്ചെങ്കിലും വാണി ജയറാമിന് ഒരു പരിഗണനയും ലഭിച്ചിരുന്നില്ല. ഒടുവില്‍ അംഗീകാരം തന്നെ തേടിയെത്തിയപ്പോള്‍ അത് ഏറ്റുവാങ്ങാനുള്ള ഭാഗ്യവും വാണി ജയറാമിന് ഇല്ലാതെ പോയി.

 

തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോജപ്പാന്‍ സ്റ്റീല്‍സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു.

 

അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സില്‍ ബിരുദം നേടിയ വാണിക്ക് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇന്‍ഡോ ബല്‍ജിയം ചേമ്പര്‍ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

 

പ്രഫഷണല്‍ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീതസ്നേഹിയും സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയരാമന്‍ ആയിരുന്നു.

 

2017ല്‍ പുലിമുരുകന്‍ എന്ന ചിത്രത്തിലെ മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ എന്ന ഗാനം ആലപിക്കുമ്പോഴും ആദ്യമായി മലയാളത്തില്‍ പാടിയ വാണിയുടെ അതേ ശബ്ദമായിരുന്നു മലയാളികള്‍ കേട്ടത്. വടക്കുകിഴക്കന്‍ സംഗീതരംഗത്തെ ഒട്ടുമിക്ക പ്രമുഖര്‍ക്കൊപ്പവും വാണി പാടി. ഹിന്ദുസ്ഥാനി സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊത്തെല്ലാം വാണിയുടെ യുഗ്മഗാനങ്ങളുണ്ട്.

 

എം.എസ്.വിശ്വനാഥന്‍ സംഗീതസംവിധാനം നിര്‍വഹിച്ച അപൂര്‍വരാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവന്‍ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണിയെ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയത്. ഗുജറാത്ത്, ഒറീസ, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

 

മലയാള സിനിമയില്‍ 600ലധികം ഗാനങ്ങള്‍ അവര്‍ പാടി. എം.കെ.അര്‍ജുനന്‍, ജി.ദേവരാജന്‍, എം.എസ്.വിശ്വനാഥന്‍, ആര്‍.കെ.ശേഖര്‍, വി.ദക്ഷിണാമൂര്‍ത്തി, എം.എസ്.ബാബുരാജ്, ശ്യാം, എ.ടി.ഉമ്മര്‍, എം.ബി.ശ്രീനിവാസന്‍, കെ.രാഘവന്‍, കാന്‍സനൂര്‍, രാജന്‍ദേവ്, ജെറി രാജന്‍ദേവ്, രവീന്ദ്രന്‍, ഇളയരാജയും. തുടങ്ങിയ മലയാളത്തിലെ എല്ലാ ജനപ്രിയ സംഗീതസംവിധായകരുടെ ഗാനങ്ങളും വാണി ജയറാം ആലപിച്ചിട്ടുണ്ട്.

 

മലയാളത്തിലെത്തി മൂന്നു വര്‍ഷംകൊണ്ടുതന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ വാണി ജയറാമിനു കഴിഞ്ഞു. ആര്‍.കെ. ശേഖറിന്റെ സംഗീതസംവിധാനത്തില്‍ 1976ല്‍ ഇറങ്ങിയ യുദ്ധഭൂമി എന്ന ചിത്രത്തിലെ ആഷാദമാസം എന്ന ഗാനം മലയാളികള്‍ക്കിടയില്‍ വാണി ജയറാം എന്ന ഗായികയെ ആഴത്തില്‍ പതിപ്പിച്ചു. യേശുദാസിനും പി. ജയചന്ദ്രനുമൊപ്പമാണ് വാണി ജയറാം കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. അവയെല്ലാം സൂപ്പര്‍ ഹിറ്റുകളുമായിരുന്നു.

 

1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്.

 

തെന്നിന്ത്യയില്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്മാന്‍ എന്നിവരുടെയെല്ലാം ഗാനങ്ങള്‍ക്ക് അവര്‍ ശബ്ദമേകി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങള്‍ 1975, ശങ്കരാഭരണം 1980, സ്വാതികിരണം 1991 എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.