By Lekshmi.11 01 2023
വിജയ്‌യുടെ 66ാം ചിത്രം വാരിസ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് വിജയ്‌യുടെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വളരെ മനോഹരമായ സംവിധാനത്തിൽ ഒരുക്കിയ അതിഗംഭീര പാട്ടുകളുള്ള കുടുംബചിത്രമാണ് ഇന്ന് പുറത്തിറങ്ങിയ വാരിസ്.
വിജയ് എന്ന സൂപ്പര്‍താരത്തെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് എന്ന ചിത്രത്തിലൂടെ.മാസ് ചിത്രം പ്രതീക്ഷിച്ചുപോകുന്നവരെ ചിലപ്പോൾ ചിത്രം നിരാശപ്പെടുത്തിയേക്കാം.പൂര്‍ണമായും ഒരു കുടുംബത്തെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥയാണ് വാരിസിന്റേത്.അച്ഛന്‍, അമ്മ, മക്കള്‍, അവരുടെ മക്കള്‍, ഇവരുടെ ബന്ധങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് ചിത്രം ആത്യന്തികമായി പറയുന്നത്.
ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ സംതൃപ്തി തോന്നുന്ന രീതിയില്‍ ചിത്രം അണിയിച്ചൊരുക്കാന്‍ സംവിധായകന്‍ വംശിക്ക് സാധിച്ചിട്ടുണ്ട് എന്ന് എടുത്തുപറയണം.കാരണം ഒരു വിജയ് ചിത്രത്തില്‍ നിന്ന് ആരാധകരാകട്ടേ, സാധാരണ ആസ്വാദകരാകട്ടേ എന്തെല്ലാം പ്രതീക്ഷിക്കുന്നുണ്ടോ അതെല്ലാം കൃത്യമായ അളവില്‍ ചേര്‍ക്കുന്നതില്‍ വംശി വിജയിച്ചിട്ടുണ്ട്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിജയ് ചെയ്ത സിനിമകള്‍ നോക്കിയാലറിയാം ഒരു തരം രക്ഷക പരിവേഷം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലുണ്ടെന്ന്.
ഇത്തവണ അതിനൊരു മാറ്റമെന്നോണം കുടുംബത്തിന് താങ്ങാവുന്ന മകന്റെ വേഷത്തിലേക്ക്, പ്രേക്ഷകര്‍ക്ക് കൂടുതല്‍ അടുപ്പം തോന്നുന്ന ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങിവന്നിരിക്കുകയാണ് താരം.സാന്ദര്‍ഭികമായി ആക്ഷനും മാസും പ്രണയവുമെല്ലാം കടന്നുവരുന്നുണ്ടെങ്കിലും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കാണ് വിജയ് രാജേന്ദ്രന്‍ എന്ന നായകനെ വംശി എന്ന സംവിധായകന്‍ ഫോക്കസ് ചെയ്യിക്കുന്നത്.വീട് എന്നത് കല്ലും മണ്ണുമാണെന്നും കുടുംബമാണ് മുഖ്യമെന്ന് സിനിമയിലെ ഒരു കഥാപാത്രം പറയുന്നുമുണ്ട്.ഗംഭീരമായിരുന്നു രാജേന്ദ്രന്‍ എന്ന വേഷത്തിലെത്തിയ ശരത്കുമാര്‍.
കോര്‍പ്പറേറ്റ് കമ്പനിയുടമയായും അതേസമയം തന്നെ നിസ്സഹായനായ പിതാവായും ശരത്കുമാര്‍ തിളങ്ങി.പ്രകാശ് രാജ്, ശ്രീകാന്ത്, ശ്യാം, ജയസുധ, രശ്മിക, സംഗീത, യോഗി ബാബു, പ്രഭു, ഗണേഷ് വെങ്കട്ടരാമന്‍, സുമന്‍ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.മാസിനും അക്രോബാറ്റിക് സ്‌റ്റൈല്‍ സംഘട്ടനങ്ങള്‍ക്കും നേരത്തേ അവസരമുണ്ടായിട്ടും അതെല്ലാം ആവശ്യമുള്ള സ്ഥലത്ത് മാത്രം ചേര്‍ത്ത് പുതിയൊരു വിജയ് ചിത്രമുണ്ടാക്കി എന്നതില്‍ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം.