വിജയ് ചിത്രം ലിയോ ഇനി ഒടിടിയിലും; സ്ട്രീമിങ് നവംബര്‍ 24 മുതല്‍

By web desk.22 11 2023

imran-azhar

 

ചെന്നൈ: ഇളയ ദളപതി വിജയ്‌യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ലിയോ ഇനി ഒടിടിയിലും. നവംബര്‍ 24 മുതലാണ് വിജയ്-ലോകേഷ് കനകരാജ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. മാസ്റ്റര്‍ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ലിയോ. വിജയ്‌യുടെ നായികയായി തൃഷ എത്തിയപ്പോള്‍ മലയാളി താരം മാത്യുവും ചിത്രത്തില്‍ പ്രധാമവേഷം കൈകാര്യം ചെയ്തിരുന്നു.

 

കേരളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറിയിരുന്നു. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോര്‍ഡ് ആണ് 'ലിയോ' കേരളത്തില്‍ മറികടന്നത്. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തൂത്തെറിഞ്ഞു.

 

7.25 കോടി നേടിയ കെജിഎഫ് 2, 6.76 കോടി നേടിയ ഒടിയന്‍, വിജയ്യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോര്‍ഡുകള്‍ ആണ് പഴങ്കഥ ആയത്. കേരളം, ആന്ധ്രപദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നും ആദ്യ ദിനം പത്തുകോടി കലക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിജയ്.

 

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്‌നര്‍.

 

 

 

 

 

OTHER SECTIONS