പ്രോഗ്രാം മോശമായി, വിനീത് ഓടിരക്ഷപ്പെട്ടു...! വീഡിയോക്ക് വിനീതിന്റെ വിശദീകരണം; 'വിളിച്ചാല്‍ ഇനിയും പോകുമെന്ന് താരം!'

By Web Desk.27 02 2023

imran-azhar

 

ഗാനമേള അവതരിപ്പിച്ച ശേഷം നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ കാറിനു സമീപത്തേക്ക് ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പലതരം വ്യാഖ്യാനങ്ങള്‍ വീഡിയോക്ക് നല്‍കുകയും ചെയ്തു. വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചാണ് വിനീതിന്റെ ഗാനമേള അരങ്ങേറിയത്.

 

ഗാനമേളയ്ക്കു ശേഷം വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. പ്രോഗ്രാം മോശമായി വിനീത് ഓടിരക്ഷപ്പെട്ടു എന്ന അടിക്കുറിപ്പോടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

 

സംഭവത്തില്‍ വിശദീകരണവുമായി തിരക്കഥാകൃത്ത് സുനീഷ് വാരനാട് നേരത്തെ എത്തിയിരുന്നു. ഗാനമേളയ്ക്ക് ശേഷം ആളുകളുടെ തിരക്ക് അനിയന്ത്രിതമായി. തുടര്‍ന്ന് വിനീത് കാറിലേക്ക് ഓടിപ്പോകുകയായിരുന്നു എന്നാണ് സുനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 

ഇപ്പോഴിതാ വിശദീകരണവുമായി വിനീത് ശ്രീനിവാസന്‍ എത്തി. വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്:

 

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്.

 

പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.

 

പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!

 

 

 

 

OTHER SECTIONS