By Lekshmi.24 01 2023
ആമിർ പള്ളിക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആയിഷ എന്ന ചിത്രത്തേയും നടി മഞ്ജു വാര്യരേയും പ്രശംസിച്ച് സാഹിത്യകാരൻ ബെന്യാമിൻ.പ്രതീക്ഷയില്ലാതെയാണ് ചിത്രം കാണാൻ പോയതെന്നും ആയിഷ അടിമുടി അമ്പരപ്പിച്ചു കളഞ്ഞെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രമെന്ന് പറയുന്നതിനോടൊപ്പം നിലമ്പൂർ ആയിഷ എന്ന അഭിനേത്രിയെയും വിപ്ലവകാരിയെയും അറിഞ്ഞാലും ഇല്ലെങ്കിലും ഈ ചിത്രം നമുക്ക് ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പേസ്റ്റിന്റെ പൂർണ രൂപം
വയനാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇന്നലെ കോഴിക്കോട് വന്നു തങ്ങിയത്.രാത്രി മറ്റു തിരക്കുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു പടത്തിനു പോകാം ന്ന് കരുതി.ആയിഷയെ പറ്റി കുറച്ച് നല്ല റിവ്യൂ കണ്ടിരുന്നു.എന്നിട്ടും വലിയ പ്രതീക്ഷ ഇല്ലാതെയാണ് പോയത്.കാരണം മഞ്ജു വാര്യരുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ, പിന്നെ ഈ പടത്തിലെ തന്നെ ഒരു ഗാനരംഗം.എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്നെ അടിമുടി അമ്പരപ്പിച്ചു കളഞ്ഞു ആയിഷ.
ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു.നിലമ്പൂർ ആയിഷ എന്ന അഭിനേത്രിയെയും വിപ്ലവകാരിയെയും അറിഞ്ഞാലും ഇല്ലെങ്കിലും ഈ ചിത്രം നമുക്ക് ആസ്വദിക്കാൻ കഴിയും.അറബ് / കേരളീയ ജീവിത പശ്ചാത്തലവും മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയും എത്ര മനോഹരമായി ഈ ചിത്രം കാണിച്ചു തരുന്നു.ആയിഷ പോലെ ഗദ്ദാമയായി എത്തി അറബ് കുടുംബങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയ ചിലരെ അടുത്തറിയാവുന്നത് കൊണ്ട് കഥയിൽ ഒട്ടും അതിഭാവുകത്വം തോന്നിയതുമില്ല.
മാമയായി അഭിനയിച്ച മോണ എന്ന നടിയുടെ പെർഫോമൻസ് അപാരം എന്നേ പറയാനുള്ളൂ. അവസരം കിട്ടിയപ്പോൾ മഞ്ജുവും തകർത്ത് അഭിനയിച്ചു.നേരത്തെ പറഞ്ഞ ഗാനം പടത്തിൽ വന്നപ്പോൾ അത്ര ആരോചകമായി തോന്നിയതുമില്ല.കാണേണ്ട പടങ്ങളുടെ കൂട്ടത്തിൽ ആയിഷ കൂടെ നിർദ്ദേശിക്കുന്നു.
ഒന്നാംലോക കേരളസഭയിൽ നിലമ്പൂർ ആയിഷയുടെ അടുത്താണ് എനിക്ക് സീറ്റ് ലഭിച്ചത്.ആ വിപ്ലവ നായികയുടെ അടുത്ത് ഇരിക്കാനും സംസാരിക്കാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കാണുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് ഇത്തരത്തിൽ ഒരു ആദരം ഒരുക്കിയ ആയിഷയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
ജനുവരി 20 ന് തിയറ്ററുകളിൽ എത്തിയ 'ആയിഷ' ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമാണ്.അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്.മഞ്ജുവിനോടൊപ്പം നടി രാധികയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.