By Web Desk.05 03 2023
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനെ കുറിച്ച് എഴുത്തുകാരി വി എം ഗിരിജയുടെ വേറിട്ടൊരു വീക്ഷണം. ഒരു പൊട്ട പ്രൊഫെഷണല്‍ നാടകം പോലെ മിനഞ്ഞെടുത്ത സിനിമയാണ് നന്‍പകല്‍നേരത്ത് മയക്കമെന്ന് വി എം ഗിരിജ ഫേസ്ബുക്കില്‍ കുറിച്ചു.
വി എം ഗിരിജയുടെ കുറിപ്പ്:
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ കണ്ടു. സിനിമയ്ക്ക് അടിസ്ഥാനമായ ആ മിസ്റ്ററിയല്ലാതെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചില്ല. മറ്റൊരാളാകാന്‍ ആരാണ് ആശിക്കാത്തത്? പക്ഷേ അതിനാരാണ് ധൈര്യപ്പെടുക?
ജെയിംസ്, സുന്ദരമായി മാറുന്ന ആ പകര്‍ന്നാട്ടം ജീവിതത്തിലെ ഓര്‍മ്മയ്ക്കും മറവിയ്ക്കും ഇടയ്ക്കുള്ള ഒരു അല്‍ഭുത മുഹൂര്‍ത്തമാണ്. അതിനപ്പുറം, ആ ആശയത്തിനപ്പുറം സിനിമയില്‍ കാര്യമായി ഒന്നും ഇല്ല.
മാത്രമല്ല അയുക്തിയെ യുക്തിയോട് കൂട്ടിയിണക്കി കല നിര്‍മ്മിക്കാന്‍ വേണ്ടതൊന്നും സംവിധായകന്‍ ശ്രദ്ധിച്ചിട്ടില്ല. പാല്‍ക്കറവ, അത് ചാലില്‍ ഒഴുക്കല്‍, ബാര്‍ബര്‍ ഷോപ്പില്‍ പോകല്‍, നാടകീയമായി ഞാനീ മണ്ണിന്റെ മകനല്ലെ എന്നു ചോദിച്ചുനിലത്തു വീണു കരയല്‍... എല്ലാം ആ മിസ്റ്ററിയുടെ മായികത തകര്‍ത്ത് തരിപ്പണമാക്കി പരിഹാസ്യമാക്കി.
തമിഴ് പാട്ടുകള്‍, 24 മണിക്കൂറും സിനിമ കാണുന്ന അന്ധയായ അമ്മ എന്ന പ്രതീകത്തിന് പിന്നില്‍ 'സന്ദര്‍ഭാനുസൃതമായി' വെട്ടിതയ്ച്ച സംഭാഷണങ്ങളുടെ കൃത്രിമത, കാക്ക, പുക... മരപ്പാവകളെ പോലായ രണ്ടു ഭാര്യമാര്‍, ഉജ്ജ്വല നടനായ മമ്മൂട്ടിയെ അഭിനയിക്കാന്‍ വിടാത്ത സംവിധായകന്റെ ഒരു പിടിത്തം... ഒക്കെ മോശം.
അമൂര്‍ത്തതകളെ പ്രകൃതി, മനുഷ്യപ്രകൃതി, ശബ്ദം ഇവ കൊണ്ട് പേലവമായി സൂചനകളിലൂടെ നെയ്ത് എടുക്കുന്നതിന് പകരം ഒരു പൊട്ട പ്രൊഫെഷണല്‍ നാടകം പോലെ മിനഞ്ഞെടുത്ത ഈ സിനിമ വളരെ നല്ലത് എന്നു പറയുന്ന മലയാളിയുടെ ഭാവനാദാരിദ്ര്യം ഭയാനകം.