ഇത് ദുഃഖകരം... ഞാന്‍ ക്ഷമിക്കുന്നത് പോലെ ആര്‍ക്കും സാധിക്കില്ല

By Ashli Rajan.30 11 2022

imran-azhar

ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍.എസ് മാധവന്‍ . സുരാജ് വെഞ്ഞാറമ്മൂട് അഭിനയിക്കുന്ന ഹിഗ്വിറ്റ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ വന്നതിനു പിന്നാലെയൊണ് കഥാകാരന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

 

ഹേമന്ത് ജി.നായര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഹിഗിറ്റ എന്ന സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്ററാണ് എന്‍.എസ് മാധവന്‍ തന്റെ ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട് ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്ററില്‍ സിനിമയുടെ സ്വാഭാവം പ്രകടമാക്കുന്ന കൊടികളും പ്രകനങ്ങളുടെ നിരകളും കാണാം.

 

എന്‍. എസ് മാധവന്‍ മലയാളകഥയുടെ ഭാവുകത്വ പരിണാമം നിര്‍വചിച്ച പ്രശസ്ത കഥയാണ് ഹിഗ്വിറ്റ. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്‍.എസ് മാധവനെ നിരൂപണലോകവും വായനാലോകവും ഇരുകയ്യും നീട്ടി സ്വീകരിച്ചത് ഹിഗ്വിറ്റയിലൂടെയായിരുന്നു.

 

ലോകകപ്പ് ഫുട്ബോള്‍ കാലത്ത് കൊളംബിയന്‍ ഫുട്ബോളര്‍ റോസ് റെനെ ഹിഗ്വിറ്റ എന്ന കാല്‍പ്പന്തുകളിയിലെ മാന്ത്രികന്റെ പേര് ഫുട്ബോളും മലയാള സാഹിത്യവും കടന്ന് സിനിമയെന്ന ഇടത്തില്‍ എത്തുമ്പോള്‍ പേരിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

 

OTHER SECTIONS