ഡൽഹി കലാപക്കേസ്: വിദ്യാർഥികൾക്ക് ഒടുവിൽ മോചനം, ഡൽഹി കോടതി ഉത്തരവിട്ടു

By Bhumi.17 06 2021

imran-azhar 


ന്യൂഡൽഹി: യു.എ.പി.എ. ചുമത്തിയ വിദ്യാര്‍ഥികളെ ജയില്‍ മോചിതരാക്കാന്‍ കോടതി ഉത്തരവിട്ടു.ജാമ്യം ലഭിച്ച ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥിനികളായ നതാഷ നർവാൽ, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കാൻ ഡൽഹി കോടതി ഉത്തരവിട്ടു.

 


ജസ്റ്റിസ് മൃദുൽ എ.ജെ.ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വിദ്യാർഥികളുടെ ഹർജിയിൽ വാദം കേൾക്കുകയും വിദ്യാർഥികളെ മോചിപ്പിക്കുന്നതിനായി വിചാരണ കോടതിക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.

 


ജാമ്യം ലഭിച്ച വിദ്യാർഥികളുടെ മോചനം ഡൽഹി പോലീസ് വൈകിപ്പിക്കുന്നതായി കാണിച്ച് വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു.

 

 

ജാമ്യം അനുവദിച്ച് 36 മണിക്കൂർ കഴിഞ്ഞുവെന്നും ജയിലിൽനിന്ന് എത്രയും വേഗം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.

 

 


വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതി മൂന്നു പേർക്കും ജാമ്യം അനുവദിച്ചത്.

 

 

വിയോജിപ്പുകളെ അടിച്ചമർത്താനുള്ള തിരക്കിനിടെ അധികൃതർ പ്രതിഷേധവും ഭീകര പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് അവ്യക്തമാക്കിയെന്ന് ഹൈക്കോടതി വിമർശം ഉന്നയിച്ചിരുന്നു.

 


ജാമ്യം ലഭിച്ചെങ്കിലും വിദ്യാർഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേൽവിലാസങ്ങൾ ശരിയാണോ എന്ന് വിലയിരുത്താൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

 

 

ഇതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാർഥികളുടെ മോചനം വൈകിപ്പിക്കാൻ ഡൽഹി പോലീസ് ശ്രമിക്കുന്നുവെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചത്.

 

 

രാജ്യസഭ മുൻ എം.പി. വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാൻ, ജെ.എൻ.യുവിലെയും ജാമിയ മിലിയ സർവകലാശാലയിലെയും പ്രൊഫസർമാർ എന്നിവരാണ് വിദ്യാർഥികൾക്കുവേണ്ടി ജാമ്യം നിന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

 

 

വിദ്യാർഥികളുടെ ആധാർ കാർഡ് അടക്കമുള്ളവ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

 

 

 

 

 

OTHER SECTIONS