വിറങ്ങലിച്ച് മഹാരഷ്ട്ര; കോവിഡിന് പിന്നാലെ ജീവൻ കവർന്ന് അപകടകരമായ ഫംഗൽ ബാധ

By Aswany mohan k.12 05 2021

imran-azhar

 

 


മുംബൈ∙ മഹാരാഷ്ട്രയിൽ കോവിഡ് രോഗ മുക്തരായവരില്‍ പിന്നാലെ അപകടകരമായ ഫംഗസ് ബാധ കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ്‌ ടോപ്പെ.

 

കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് എന്ന രോഗം ബാധിച്ച രണ്ടായിരം പേർ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളതായി ആരോഗ്യമന്ത്രി അറിയിച്ചു.

 

കോവിഡ് മുക്തരായ എട്ടുപേരാണ് മ്യുകോര്‍മൈകോസിസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചത്. 200 പേർക്ക്‌ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. മഹാരാഷ്ട്രയ്ക്കു പുറമേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മ്യുകോര്‍മൈകോസിസ് റിപ്പോർട്ട് ചെയ്തിരുന്നു.

 


കണ്ണ്, കവിൾ എന്നിവടങ്ങളിലെ നീർവീക്കം, മൂക്കിലെ തടസ്സം, ശരീര വേദന, തലവേദന, ചുമ, ശ്വാസം തടസ്സം, ഛർദ്ദി തുടങ്ങിയവയാണ് മ്യൂക്കോര്‍മിസെറ്റസിന്റെ ലക്ഷണങ്ങൾ.

 

നമുക്ക് ചുറ്റുമുള്ള മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന് കൂടി അറിയപ്പെടുന്ന മ്യുകോര്‍മൈകോസിസ്.

 

ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

 


ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആർ) ഡയറക്ടർ ഡോ. തത്യാറാവു ലഹാനെ ചൂണ്ടിക്കാട്ടി.

 

ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തിൽ രോഗിയുടെ ഒരു കണ്ണ് പൂർണമായും എടുത്തു കളഞ്ഞാൽ ജീവൻ നിലനിർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

മ്യുകോര്‍മൈകോസിസ് രോഗബാധയുള്ളവരെ പ്രത്യേക വാർഡുകളിലായാണ് ചികിത്സിക്കുന്നതെന്നും ഇവരുടെ ചികിത്സ മഹാത്മാ ജ്യോതിബ ഫുലെ ആരോഗ്യയോജനപ്രകാരം സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

മ്യുകോര്‍മൈകോസിസ് ബാധിതർക്ക് 14 കുത്തിവയ്പ് ആവശ്യമായി വരുമെന്നും ഇതിന് ഭാരിച്ച ചെലവുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

OTHER SECTIONS