By Greeshma Rakesh.02 04 2023
ബെയ്ജിങ്: രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാനൊരുങ്ങി ചൈന. ഈ പ്രതിസന്ധി മറികടക്കാന്‍ നിരവധി നിര്‍ദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകര്‍ ചൈനീസ് സര്‍ക്കാരിന് മുമ്പില്‍ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്ന് ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി ചൈനയിലെ ചില കോളേജുകളില്‍ വിദ്യര്‍ഥികള്‍ക്ക് പ്രണയിക്കാന്‍ വേണ്ടി അവധി നല്‍കിയിരിക്കുകയാണെന്ന് എന്‍.ബി.സി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരത്തില്‍ ഏഴ് കോളേജുകളിലാണ് നിലവില്‍ അവധി നല്‍കിയിരിക്കുന്നത്. ഫാന്‍ മേ എഡ്യുക്കേഷന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മിയാന്‍യാങ് ഫ്‌ലൈയിങ് വൊക്കേഷണല്‍ കോളേജാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രഖ്യാപിച്ച അവധി, 'പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിതത്തെ സ്‌നേഹിക്കാനും അവധി ആഘോഷിച്ച് അതുവഴി പ്രണയിത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നു' എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്കുകളും നല്‍കിയിട്ടുണ്ട്. ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കല്‍, വ്യക്തിത്വ വികസനം രേഖപ്പെടുത്തല്‍ തുടങ്ങിയവ അവധിയാഘോഷത്തിനിടെ ഹോംവര്‍ക്കായി ചെയ്യണമെന്നാണ് നിര്‍ദേശം.പ്രതിസന്ധി മറികടക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തിലും പല നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. അതില്‍ ഒന്നായിരുന്നു പുരുഷധനം നിരുത്സാഹപ്പെടുത്തണം എന്നുള്ളത്.
മുപ്പതിനുമേല്‍ പ്രായമുള്ള, വിവാഹം കഴിക്കാത്ത യുവാക്കളുടെ എണ്ണം ചൈനയില്‍ വര്‍ധിക്കുന്നതിന്റെ കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയിരുന്നു. വധു ആവശ്യപ്പെടുന്ന തുക നല്‍കാന്‍ കഴ്യാത്തതിനാല്‍ നിരവധി യുവാക്കള്‍ വിവാഹം വേണ്ടെന്നുവെക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെയാണ് ഇത് നിരുത്സാഹപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്.
കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ചൈനയില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം ജനസംഖ്യാശോഷണം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, വിവാഹം ധനസമ്പാദനമാര്‍ഗമാക്കുന്നത് തടയാനാണ് സര്‍ക്കാര്‍ തീരുമാനം. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കൂടുതല്‍പേര്‍ ദാമ്പത്യജീവിതത്തിലേക്ക് കടക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. രാജ്യത്ത് പുരുഷധനത്തിനെതിരേ ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്.