'കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; വിശ്വസനീയമായ കാരണമുണ്ട്; അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണം'

By Web Desk.22 09 2023

imran-azhar



 


ന്യൂയോര്‍ക്ക്: ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് വീണ്ടും വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിശ്വസനീയമായ കാരണമുണ്ടെന്നും അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോ നിലപാട് ആവര്‍ത്തിച്ചത്.

 

അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. നീതി നടപ്പാക്കണം. നിയമവാഴ്ചയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയില്‍ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ്.

 

കനേഡിയന്‍ പൗരനെ സ്വന്തം മണ്ണില്‍ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യമില്ല-ട്രൂഡോ പറഞ്ഞു.

 

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായത്.

 

 

ചരിത്രം പിറന്നു; വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി രാജ്യസഭയും


ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. വോട്ടെടുപ്പില്‍ 215 പേരും അനുകൂലിച്ചു. ബില്ലിനെ ആരും എതിര്‍ത്തില്ല.

 

ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. നിലവിലുള്ള 33 ശതമാനത്തില്‍ സംവരണത്തില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു. വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും ഒന്‍പത് എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭേദഗതിയില്‍ ആവശ്യപ്പെടുന്നു.

 

ഭരണപക്ഷ പ്രതിപക്ഷ പിന്തുണയോടെ ബില്‍ ബുധനാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. 454 പേര്‍ അനുകൂലിച്ചും 2 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.

 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങില്‍ ലോക്‌സഭയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. 'നാരി ശക്തി വന്ദന്‍ അധിനിയം' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. 8 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്‌സഭ ബില്‍ പാസാക്കിയത്.

 

 

OTHER SECTIONS