By Lekshmi.07 02 2023
പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിലെ സ്വർണ തിരിമറിയിൽ ഭരണ സമിതി പ്രസിഡന്റ്ന്റെ വാദം തള്ളി സിപിഎം.സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന ഭരണ സമിതി പ്രസിഡന്റ്ന്റെ വാദം തള്ളിയ സിപിഎം ബാങ്കിലെ ജീവനക്കാരൻ തിരിമറി നടത്തിയെന്ന് കണ്ടെത്തി.അർജുൻ പ്രമോദ് എന്ന ജീവനക്കാരനെതിരെ നടപടി ഉണ്ടാകും.
ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി ജോലിയിൽ നിന്ന് പിരിച്ചു വിടും.ഇന്ന് പന്തളം സിപിഎം ഏരിയ കമ്മിറ്റി യോഗം ചേർന്ന് നടപടികൾ നിർദ്ദേശിക്കും.സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ് അർജുൻ പ്രമോദ്.
അർജുൻ സ്വർണം എടുത്തു കൊണ്ട് പോകുന്നത് സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.എന്നിട്ടും തിരിമറി നടത്തിയ ജീവനക്കാരൻ അർജുൻ പ്രമോദിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിപി എം ഭരണ സമിതി സ്വീകരിച്ചത്.ബാങ്കിൽ സ്വർണ തിരിമറി നടന്നിട്ടില്ലെന്നായിരുന്നു ഭരണസമിതി പ്രസിഡന്റ് ആവർത്തിച്ചിരുന്നത്.
70 പവൻ സ്വർണമാണ് അർജുൻ പ്രമോദ് പന്തളം സഹകരണ ബാങ്കിൽ നിന്ന് കൈക്കലാക്കിയത്.ബാങ്കിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് സ്വർണത്തിലെ കുറവ് കണ്ടെത്തിയത്.തുടർന്ന് ബാങ്കിലെ സിസിടിവി പരിശോധിച്ചു.ഇതിൽ നിന്നാണ് സ്വർണ മാറ്റിയത് അർജനാണെന്ന് വ്യക്തമായത്.