എമിറേറ്റ്​സ്​ വിമാനങ്ങൾ പുത്തൻ ലുക്കിൽ; പുതിയ ഡിസൈൻ പുറത്തുവിട്ടു

By Lekshmi.16 03 2023

imran-azhar

 

ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളിലൊന്നായ ദുബൈയുടെ എമിറേറ്റ്സ് എയർലൈൻ പുത്തൻ ഡിസൈൻ പുറത്തിറക്കി.വിമാനങ്ങളുടെ ചിറകിലും വാൽ ഭാഗത്തുമുള്ള ഡിസൈനിലാണ് പ്രധാനമായും മാറ്റം കൊണ്ടുവന്നിരിക്കുന്നത്.വൈകാതെ മുഴുവൻ എമിറേറ്റ്സ് വിമാനങ്ങളും പുതിയ രൂപത്തിൽ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.

 

 

 

ഡിസൈനിലെ യു.എ.ഇ പതാകയും അറബി കാലിഗ്രാഫിയും പോലുള്ള പ്രധാന ഘടകങ്ങൾ നഷ്ടപ്പെടാതെ തന്നെ കൂടുതൽ മികച്ച ഡിസൈൻ രൂപപ്പെടുത്താനാണ് ശ്രമിച്ചതെന്ന് കമ്പനി പ്രസിഡന്‍റ് ടിം ക്ലർക്ക് പറഞ്ഞു. ലോകത്തെമ്പാടും പറക്കുന്ന എമിറേറ്റ്സിന്‍റെ ഐഡന്‍റിറ്റിയെ കൂടുതൽ മനോഹരമാക്കുന്നതാണ് രൂപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

വിമാനത്തിന്‍റെ വാൽഭാഗത്തെ പതാക കൂടുതൽ ത്രീഡി ഇഫക്റ്റോടെ പാറിപ്പറക്കുന്ന രീതിയിൽ സജ്ജീകരിച്ചു,ചിറകിന്‍റെ അറ്റത്ത് അറബി കാലിഗ്രാഫിയിൽ എമിറേറ്റ്‌സ് ലോഗോ ചുവപ്പ് നിറത്തിന്‍റെ പശ്ചാത്തലത്തിൽ പതിച്ചു, ചിറകടിയിൽ യു.എ.ഇ പതാകയുടെ നിറങ്ങൾ വരച്ചു.

 

 

 

എമിറേറ്റ്സ് എന്നെഴുതിയ അറബിയിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകൾ കൂടുതൽ ബോൾഡാക്കി, വെബ്സൈറ്റ് അഡ്രസ് ഡിസൈനിൽ നിന്ന് ഒഴിവാക്കി എന്നിവയാണ് പുതിയ മാറ്റങ്ങൾ.മൂന്നാം തവണയാണ് എമിറേറ്റ്സിന്‍റെ ഡിസൈൻ മാറ്റം പ്രഖ്യാപിക്കുന്നത്.