ഒഡീഷ ട്രെയിന്‍ അപകടം; തൃണമൂലിന്റെ ഗൂഢാലോചനയെന്ന് സുവേന്ദു അധികാരി

By Greeshma Rakesh.06 06 2023

imran-azhar


ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി.

 

മറ്റൊരു സംസ്ഥാനത്തെ അപകടമായിരുന്നിട്ടും തിങ്കാളാഴ്ച മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരിഭ്രാന്തരാണ്. മാത്രമല്ല അപകടത്തില്‍ സിബിഐ അന്വേഷണത്തെയും ഭയപ്പെടുന്നു. അതെസമയം റെയില്‍വേ ഉദ്യോഗസ്ഥരുടെ ഫോണ്‍ തൃണമൂല്‍കോണ്‍ഗ്രസ് ചോര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

 

അപകടത്തില്‍ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കാന്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ വിമുഖതയെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണം എങ്ങനെയാണ് തൃണമൂല്‍കോണ്‍ഗ്രസിന് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് ട്വിറ്ററില്‍ പങ്കുവച്ച രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിനെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, സുവേന്ദുവിന്റെ ആരോപണം അപഹാസ്യമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരണം.

 

ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ബംഗാളില്‍ രാഷ്ട്രീയ വിഷയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ യാത്രക്കാരുടെ സുരക്ഷയെ അവഗണിക്കുകയാണെന്ന് ആരോപിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

എന്നാല്‍, അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ച ബിജെപി, മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തിരിച്ചടിച്ചു.

 

OTHER SECTIONS