By Lekshmi.29 11 2022
നോയിഡ: ഉത്തർപ്രദേശ് ഗവൺമെന്റ് നോയിഡ പൊലീസ് കമ്മീഷണറായി ലക്ഷ്മി സിംഗിനെ നിയമിച്ചു.സംസ്ഥാനത്ത് പൊലീസ് കമ്മീഷണറാകുന്ന ആദ്യ വനിതാ ഓഫീസറാണ് ലക്ഷ്മി.ഉത്തർപ്രദേശിലെ 16 ഐ പി എസ് ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം നൽകിയിട്ടുണ്ട്.വാരണസി, ആഗ്ര, പ്രയാഗ് രാജ് എന്നിവിടങ്ങളിലും പുതിയ പൊലീസ് കമ്മീഷണർമാരെ നിയമിച്ചു.
നിലവിൽ നാൽപത്തിയെട്ടുകാരിയായ ലക്ഷ്മി സിംഗ് ലഖ്നൗ മേഖലയിലെ ഐ ജിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.യു പി എസ് സി നടത്തിയ പരീക്ഷകളിൽ ആദ്യ വനിതാ ഐ പി എസ് ടോപ്പർ എന്ന ബഹുമതിയും ഇവർ നേടിയിട്ടുണ്ട്.കൂടാതെ ഹെെദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാഡമിയിലെ മികച്ച പ്രൊബഷണറായി തിരഞ്ഞെടുത്തിരുന്നു.
പരിശീലനത്തിനിടെ ലക്ഷ്മി സിംഗിന് പ്രധാനമന്ത്രിയുടെ സിൽവർ ബേഷൻ, ആഭ്യന്തര മന്ത്രിയുടെ പിസ്റ്റൾ എന്നിവയും ലഭിച്ചിട്ടുണ്ട്.2004ൽ സീനിയർ പൊലീസ് സൂപ്രണ്ടായി നിയമിതയായി. 2013ൽ ഡെപ്യൂട്ടി ഐജിയായും 2018ൽ ഐജിയായും സ്ഥാനക്കയറ്റം ലഭിച്ചു.ബി ജെ പി എം എൽ എ ആയ രാജേശ്വർ സിംഗിനെയാണ് ലക്ഷ്മി സിംഗ് വിവാഹം കഴിച്ചത്.