ആദിത്യ എൽ വണ്ണിൻ്റെ ഭ്രമണപഥം ഉയർത്തൽ വിജയകരം: ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്ത് കടന്നു

By Greeshma Rakesh.19 09 2023

imran-azhar

 

 

ബാംഗ്ലൂർ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്ത് കടന്നു.പുലർച്ചെ രണ്ട് മണിക്ക് ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്‍റ് ഇൻസർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. അഞ്ചാം ഘട്ടം ഭ്രമണപഥം ഉയർത്തിയതോടെ ഭൂഗുരുത്വാകർഷണ വലയത്തിൽ നിന്ന് ആദ്യത്യ എൽ വൺ പുറത്തുകടന്നു.

 

15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്‍റ് വൺ ആണ് ആദിത്യ എൽ വണ്ണിന്‍റെ ലക്ഷ്യം. 110 ദിവസം കൊണ്ട് എൽ വൺ പോയിന്‍റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം ജനുവരി ആദ്യ വാരം പേടകം ലഗ്രാഞ്ച് വൺ പോയിൻ്റിലെത്തും. തുടർച്ചയായി അഞ്ചാം തവണയാണ് മറ്റൊരു ഗോളത്തിലേക്കുള്ള പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുയർത്തുന്ന ഘട്ടം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.

 

ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും പേടകം പര്യവേഷണം നടത്തിത്തുടങ്ങിയെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോമീറ്റര്‍ (സ്റ്റെപ്സ്) എന്ന ഉപകരണമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്.

 


ആറ് സെന്‍സറുകള്‍ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഭൂമിയില്‍നിന്ന് 50000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാന്‍ തുടങ്ങുന്നതുവരെയാണ് പര്യവേഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിൽ ഏറെ നിര്‍ണായകമാണിതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

 

സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യ വിജയകരമായി ആദിത്യ എല്‍1 വിക്ഷേപിച്ചത്. ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല.സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയന്‍റാണ് ലഗ്രാഞ്ച് ഒന്ന്. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.

 

 

OTHER SECTIONS