By Web Desk.12 06 2022
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. 17 ജില്ലകളാണ് അതീവജാഗ്രതാ പട്ടികയിലുള്ളത്. ഇതില്‍ 7 എണ്ണവും കേരളത്തിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നു.
അതീവജാഗ്രതാ പട്ടികയിലുള്ള ജില്ലകളിലെ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. രാജ്യത്തെ 24 ജില്ലകളില്‍ സ്ഥിരീകരണനിരക്ക് 5നും 10നും ഇടയിലാണ്. കേരളത്തിലെ ശേഷിച്ച 7 ജില്ലകളും ഈ പട്ടികയിലുണ്ട്.
സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിന് മുകളിലാകുന്നത് പോലും അപകടമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ജാഗ്രതാ നടപടികളിലെ വീഴ്ച, ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള വിമുഖത തുടങ്ങിയവയാണ് ഇപ്പോഴത്തെ വര്‍ധനയ്ക്കു കാരണമായി പറയുന്നത്. യാത്രാ നിയന്ത്രണങ്ങളിലെ ഇളവും മാസ്ക് ഉപയോഗം കുറഞ്ഞതും തിരിച്ചടിയാകുന്നുണ്ട്.
അതിനിടെ, കോവിഡ് വര്‍ധനവില്‍ ആശങ്കപ്പെടാനില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
കൊറോണ വൈറസില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പ്രതിരോധ കുത്തിവയ്പിനുള്ള കേന്ദ്ര സാങ്കേതികോപദേശക സമിതി അംഗം ഡോ. എന്‍.കെ.അറോറ പറഞ്ഞത്.
ഒമിക്രോണിന്റെ ചില ഉപവിഭാഗങ്ങള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. ഇവ വലിയ വ്യാപന സ്വഭാവവും കാട്ടിയിട്ടില്ല. അതിനാല്‍ ആശങ്ക വേണ്ടെന്ന് ഡോ. അറോറ പറഞ്ഞു. നഗരത്തിലാണ് കേസുകള്‍ കൂടുന്നത്. വൈറസ് ബാധിക്കുന്നത് വാക്സീന് എടുത്തവരിലായതിനാല് വലിയ രോഗലക്ഷണങ്ങളുമില്ലെന്നും ഡോ. എന്‍ കെ അറോറ വ്യക്താക്കി.
കേരളത്തില്‍ ഞായറാഴ്ച 1,995 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13.22% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്, 571 പേര്. തിരുവനന്തപുരത്ത് 336 പേര്‍ക്കും കോട്ടയത്ത് 201 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 12,007 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1446 പേര് രോഗമുക്തി നേടി. 98.7% ആണ് രോഗമുക്തി നിരക്ക്.