മുടിചീകി ചേര്‍ത്ത് കെട്ടി, 456 മീറ്റര്‍ നീളമുള്ള ചങ്ങല; ലോകറെക്കോര്‍ഡ് സ്വന്തമാക്കി ചൈനീസ് യുവതികള്‍

By Priya .28 05 2023

imran-azhar

 

മുടി ചീകി ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഒരുകൂട്ടം യുവതികള്‍. ചൈനയിലാണ് സംഭവം. റെഡ് യാവോ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള 250 ല്‍ കൂടുതല്‍ സ്ത്രീകള്‍ ചേര്‍ന്നാണ് റെക്കോര്‍ഡ് നേടിയത്.

 

ചൈനയിലെ ഹുവാങ്ലുവോ യാവോ വില്ലേജില്‍ ഒത്തുകൂടിയ ഇവര്‍ ലോങ്ജി ലോംഗ് ഹെയര്‍ ഫെസ്റ്റിവെല്‍ നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

 

ഫെസ്റ്റിവെല്ലില്‍ പങ്കെടുത്ത സ്ത്രീകള്‍ മുടിചീകി പരസ്പരം ചേര്‍ത്ത് കെട്ടി 456 മീറ്റര്‍ (1,496 അടി) നീളമുള്ള ഒരു ചങ്ങല ഉണ്ടാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

 

പരമ്പരാഗത തടി ചീപ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം മുടി ചീകിയത്.ഗ്വിലിനിലെ ലോങ്ഷെങ്ങിലെ ആകര്‍ഷകമായ ലോങ്ജി. ഇവിടെയുള്ള ഒരു കൊച്ചു ഗ്രാമമാണ് ഹുവാങ്ലുവോ യാവോ.

 

ചൈനയിലെ യാവോ വംശത്തിന്റെ ഒരു പ്രത്യേക ശാഖയായ റെഡ് യാവോ കമ്മ്യൂണിറ്റിയില്‍ പെട്ടവരാണ് ഈ ഗ്രാമത്തില്‍ കഴിയുന്നത്. അസാധാരണമായ നീളമുള്ള മുടിയാണ് ഇവിടുത്തെ സ്ത്രീകളുടെ മറ്റൊരു പ്രത്യേകത.

 

ജനിച്ച നാള്‍ മുതല്‍ 18 വയസ്സുവരെ ഇവര്‍ മുടി മുറിക്കില്ല. 18 വയസ്സിന് ശേഷം ആഘോഷകരമായാണത്രേ അവര്‍ തങ്ങളുടെ മുടിമുറിക്കല്‍ ചടങ്ങ് നടത്തുക. നീണ്ട മുടി ഇവരെ സംബന്ധിച്ചിടത്തോളം ദീര്‍ഘായുസ്സ്, സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെയൊക്കെ പ്രതീകമാണ്.

 

മുടി സംരക്ഷണത്തിനായി പ്രത്യേക രീതി പാലിച്ചുപോരുന്ന ഇവരുടെ ഗ്രാമത്തിനുള്ളില്‍ പ്രായമായവരില്‍ പോലും വളരെ അപൂര്‍വമായി മാത്രമേ നരച്ച മുടി കാണൂ എന്നാണ് പറയപ്പെടുന്നത്.

 

 

OTHER SECTIONS