By parvathyanoop.10 01 2023
അബുദാബി: യു.എ.ഇയുടെ അഭിമാന പദ്ധതിയായി മാറിയ ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ആദ്യ കടല്‍പാലം പ്രവര്‍ത്തന സജ്ജമായി. അബൂദബിയിലെ ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതിനാണ് പാലം നിര്‍മിച്ചത്.
തുറമുഖത്തെത്തുന്ന ചരക്കുകള്‍ അതിവേഗം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഈ പാത സഹായകമാകും.ഖലീഫ തുറമുഖ ചരക്ക് ടെര്‍മിനലില്‍ നിന്ന് 69 വാഗണുകളുള്ള 1.2 കിലോമീറ്റര്‍ വരെ നീളുന്ന ട്രെയിനുകളാണ് ഉളളത്.
ഈ പാലത്തിലൂടെ ചരക്കു തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ 300 ലോറികളുടെ സേവനം അവസാനിപ്പിച്ച് ചരക്കു ഗതാഗതം കൂടുതല്‍ എളുപ്പമാക്കാന്‍ സാധിക്കും. ഇതുവഴി കാര്‍ബണ്‍ മലിനീകരണവും കുറയ്ക്കാം.
4000 ടണ്‍ സ്റ്റീല്‍, 18,300 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ്, 100 പ്രത്യേക ബീമുകള്‍ എന്നിവയാണ് ഒരു കി.മീ നീളമുള്ള കടല്‍പാല നിര്‍മാണത്തിനായി ഉപയോഗിച്ചത്.ഏറ്റവും സങ്കീര്‍ണമായ പാലങ്ങളില്‍ ഒന്നാണിതെന്ന് ഇത്തിഹാദ് റെയിലിലെ എന്‍ജിനീയറിങ് ഡയറക്ടര്‍ അഡ്രിയാന്‍ വോള്‍ഹൂട്ടര്‍ പറഞ്ഞു.
പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമായിരുന്നു നിര്‍മാണം നടന്നത്.എന്നാല്‍ ചരക്കുനീക്കം ആരംഭിക്കുന്ന തിയ്യതി അധികൃതര്‍ അതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അന്താരാഷ്ട്ര നിലവാരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്നും 120 വര്‍ഷത്തെ ആയുസ് ഇതിനുണ്ടെന്നും ഇത്തിഹാദ് റെയില്‍ എഞ്ചിനീയറിങ് ഡയറക്ടര്‍ അഡ്രിയാന്‍ വോള്‍ഹൂട്ടര്‍ പറഞ്ഞു.
50 ബില്യണ്‍ ദിര്‍ഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും.
1200 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയില്‍ പദ്ധതി കടന്നു പോകുന്നത്.നിര്‍മാണ ഘട്ടത്തില്‍ കടലിലേക്കു മാലിന്യങ്ങള്‍ വീഴാതിരിക്കാന്‍ മണല്‍ കര്‍ട്ടനുകള്‍ സ്ഥാപിച്ചിരുന്നു.
പാലത്തിന് കുറുകെയുള്ള ലൈനില്‍ അപകടം വന്നാല്‍ ട്രെയിനിനെ സംരക്ഷിക്കാന്‍ ട്രാക്കിനുള്ളില്‍ ഗാര്‍ഡ് റെയിലുകളും സജ്ജമാക്കി.പാളം തെറ്റിയാല്‍ ട്രെയിന്‍ കടലില്‍ വീഴുന്നത് ഇതുവഴി തടയാനാകും.
സൗദി,യുഎഇ അതിര്‍ത്തി മുതല്‍ ഒമാന്‍ അതിര്‍ത്തി വരെ 1200 കി.മീ നീളത്തിലുള്ള ഇത്തിഹാദ് റെയിലിന്റെ 75% ജോലികളും പൂര്‍ത്തിയായി.താമസ, വ്യാവസായിക, ഉല്‍പാദന കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് ഇത്തിഹാദ് റെയില്‍ കടന്നുപോകുന്നത്.
തുടക്കത്തില്‍ ചരക്കുനീക്കമാണ് ഉദ്ദേശമെങ്കിലും 2024 അവസാനത്തോടെ യാത്രാ ട്രെയിനും ഓടിക്കാനുള്ള പദ്ധതി നടക്കുന്നുണ്ട്.ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ 265 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം 2015ല്‍ പൂര്‍ത്തിയായിരുന്നു.
303 കി.മീ ദൈര്‍ഘ്യമുള്ള യുഎഇ-ഒമാന്‍ സംയുക്ത റെയിലില്‍ പദ്ധതിയുടെ നടപടികളും ട്രാക്കിലായിത്തുടങ്ങി.അബുദാബി അല്‍ ദഫ്രയിലെ ഷാ, ഹബ്ഷന്‍ വാതക മേഖലയില്‍നിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ കൊണ്ടുപോകുന്നുണ്ട്. പദ്ധതി പൂര്‍ണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വര്‍ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷ.