ഇൻഷുറൻസ് തുക തട്ടാൻ ചാക്കോ മോഡൽ കൊലപാതകം, കോയമ്പത്തൂരിൽ 65കാരനെ ജീവനോടെ തീകൊളുത്തികൊന്ന ഭാര്യ പിടിയിൽ

By അനിൽ പയ്യമ്പള്ളി.10 04 2021

imran-azhar

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പവർ ലൂം ഉടമയായ ഈറോഡ് സ്വദേശി കെ രംഗരാജാണ് മരിച്ചത്

കോയമ്പത്തൂർ: 3.5 കോടിരൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി 62കാരനായ ഭർത്താവിലെ ജീവനോടെ തീ കൊളുത്തിക്കൊന്ന് ഭാര്യ.

 

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പവർ ലൂം ഉടമയായ ഈറോഡ് സ്വദേശി കെ രംഗരാജാണ് മരിച്ചത്. മാർച്ച് 15 ന് ഒരു അപകടത്തിൽ പരിക്കേറ്റ് ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് പോകുംവഴി വ്യാഴാഴ്ച കാർ കത്തി കെ രംഗരാജൻ മരിച്ചതെന്നാണ് 57കാരിയായ ഭാര്യ ആർ ജോതിമണി ബന്ധുക്കളേയും വീട്ടുകാരേയും വിശ്വസിപ്പിച്ചിരുന്നത്.

 

എന്നാൽ അപകടത്തേക്കുറിച്ച് ഭാര്യയും കൊലപാതകത്തിന് സഹായിച്ച ഒപ്പമുണ്ടായിരുന്ന ബന്ധുവിൻറെ മൊഴിയിലുമുണ്ടായ സംശയത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.

ജോതിമണിയും ബന്ധുവായ രാജയും ചേർന്നാണ് സംഭവദിവസം രംഗരാജനെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത്. ഈറോഡിലേക്ക് പോകുന്ന വഴിയിൽ പെരുമനല്ലൂർ എന്ന സ്ഥലത്ത് രാത്രി 11.30ോടെ ഇവർഎത്തി.

 

രാജ വാഹനം റോഡരികിൽ നിർത്തി. ജോതിമണിയും രാജയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഇതിന് ശേഷം പെട്രോളൊഴിച്ച് വാഹനത്തിന് തീ കൊടുക്കുകയായിരുന്നു. അപകടത്തേക്കുറിച്ച് രാജ നൽകിയ വിവരത്തിൽ തോന്നിയ സംശയമാണ് നടന്നത് അപകടമല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. റോഡപകടത്തിൽ രംഗരാജൻ കൊല്ലപ്പെട്ടുവെന്നാണ് തിരുപ്പൂർ പൊലീസ് സ്റ്റേഷനിൽ രാജ അറിയിച്ചത്.

 

സംഭവ സ്ഥലം പരിശോധിച്ച പൊലീസിന് സംശയം തോന്നി അന്വേഷണം നടത്തിയപ്പോൾ രാജ പെട്രോൾ കന്നാസിൽ വാങ്ങിയ വിവരം കണ്ടെത്തുകയായിരുന്നു.

 

പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യമടക്കം നടത്തിയ ചോദ്യം ചെയ്യലിലാണ് രംഗരാജനെ ജീവനോടെ വാഹനത്തിനുള്ളിലിട്ട് ചുട്ട് കരിക്കുകയാണെന്ന് വ്യക്തമായത്. പൊലീസ് അന്വേഷണത്തിൽ രംഗരാജന് 1.5 കോടി കടമുണ്ടായിരുന്നുവെന്നും പണത്തിനായി ജോതിമണിയെ തുടർച്ചയായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും വ്യക്തമായി.

 

ജോതിമണിയെ നോമിനിയാക്കി 3.5 കോടി രൂപയുടെ മൂന്ന് ഇൻഷുറൻസ് പോളിസികളും രംഗരാജനുണ്ടായിരുന്നു. പണത്തിനായി ഭർത്താവ് തുടർച്ചയായി ശല്യം ചെയ്യാൻ തുടങ്ങിയതോടെ ജോതിമണി രംഗരാജനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.ഇതിനായി ബന്ധുവായ രാജയുടെ സഹായം തേടിയ ജോതിമണി അഡ്വാൻസായി 50000 രൂപയും നൽകി.രംഗരാജനെ കൊലപ്പെടുത്തിയാൽ ഒരു ലക്ഷം രൂപ നൽകാമെന്നായിരുന്നു ജോതിമണി രാജയ്ക്ക് നൽകിയ വാഗ്ദാനം. പ്രതികൾ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

 

 

OTHER SECTIONS