സാങ്കേതിക സഹായം നല്‍കുന്ന കമ്പനിയുമായുള്ള കരാര്‍ :സഭാ ടിവി റദ്ദാക്കിയേക്കും

By parvathyanoop.23 06 2022

imran-azhar

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തു തട്ടിപ്പു കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭ നടക്കുമ്പോള്‍ നിയമസഭയിലെത്തിയത് സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തല്‍. സുരക്ഷാ ചുമതലയുള്ള ചീഫ് മാര്‍ഷല്‍ നിയമസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി.

 

അനിത പുല്ലയിലിനെ കമ്പനിയുടെ ജീവനക്കാര്‍ സഭയില്‍ അനുഗമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ജീവനക്കാരാണ് കൂടെയുണ്ടായിരുന്നത്. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടതോടെ സുരക്ഷാ ജീവനക്കാര്‍ അകത്തേക്കു കടത്തി വിട്ടു. എന്നാല്‍, ലോക കേരളസഭ നടക്കുന്ന ശങ്കരന്‍ തമ്പി ഹാളില്‍ കടക്കാന്‍ അനിതയ്ക്കു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആറു വാച്ച് ആന്‍ഡ് വാര്‍ഡുമാരില്‍നിന്ന് ചീഫ് മാര്‍ഷല്‍ തെളിവു ശേഖരിച്ചു.

 

സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മാധ്യമങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്താണ് സമ്മേളനത്തിന്റെ ഭാഗമായുള്ള ഓപ്പണ്‍ ഫോറം നടന്നത്. പാസ് നല്‍കിയാണ് വിദ്യാര്‍ഥികളെ അടക്കം ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുപ്പിച്ചത്. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസ് അനിതയുടെ കൈവശം ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. അനിതയ്ക്കു പാസ് ലഭിക്കാനിടയായ സാഹചര്യം പരിശോധിച്ചു വരുന്നു. നാളെ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ സ്പീക്കര്‍ മാധ്യമങ്ങളോട് വിശദീകരിക്കും.

 

സാങ്കേതിക സഹായം നല്‍കുന്ന കമ്പനിയുമായുള്ള കരാര്‍ സഭാ ടിവി റദ്ദാക്കിയേക്കും. സഭാ ടിവിയുടെ ഒടിടി പ്ലാറ്റ് ഫോമില്‍ അനിത പുല്ലയിലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതും വിവാദമായി. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമ്മേളനത്തിന്റെ ആദ്യദിവസം മുതല്‍ അനിത നിയമസഭയില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മാധ്യമങ്ങള്‍ പിന്തുടര്‍ന്നതോടെ സഭാ ടിവിയുടെ ഓഫീസിലേക്കു മാറി. പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി അനിതയെ പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലായിരുന്നു എന്നാണ് നോര്‍ക്കയുടെ വിശദീകരണം.

 

OTHER SECTIONS