By Shyma Mohan.03 08 2022
വാഷിംഗ്ടണ്‍: ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള വിദേശ യാത്ര നടത്തുന്ന പൗരന്‍മാര്‍ക്ക് യുഎസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
സൂയിസൈഡ് ഓപ്പറേഷനുകള്‍, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ഹൈജാക്കിംഗ്, ബോംബ് സ്‌ഫോടനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യത്യസ്ത രീതിയിലുള്ള ആക്രമണങ്ങള്‍ നടത്തിയേക്കാമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശ യാത്ര നടത്തുന്ന യുഎസ് പൗരന്‍മാരോട് ഉയര്‍ന്ന ജാഗ്രത പുലര്‍ത്താനും സാഹചര്യങ്ങളെക്കുറിച്ചുള്ള നല്ല അവബോധം പരിശീലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദേശത്തുള്ള യുഎസ് പൗരന്‍മാരോട് പ്രാദേശിക വാര്‍ത്തകള്‍ നിരീക്ഷിക്കാനും അടുത്തുള്ള യുഎസ് എംബസിയുമായോ, കോണ്‍സുലേറ്റുമായോ സമ്പര്‍ക്കം പുലര്‍ത്താനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. 2001 സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായിരുന്നു അയ്മന്‍ അല്‍ സവാഹിരി.