By Shyma Mohan.02 02 2023
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന പാകിസ്ഥാനില്‍ അവശ്യവസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമമാണ് നേരിടാന്‍ പോകുന്നതെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. നെയ്യ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്ക്കാണ് നിലവില്‍ വലിയ ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
നെയ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ലഭ്യതയില്‍ കടുത്ത ദൗര്‍ലഭ്യം നേരിടാന്‍ സാധ്യതയുണ്ടെന്ന് കൊരങ്കി അസോസിയേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഷെയ്ഖ് ഉമര്‍ റെഹാന്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യം ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഷെയ്ഖ് ഉമര്‍ റെഹാന്‍ ആശങ്ക ഉന്നയിച്ചു.
തുറമുഖങ്ങളില്‍ എത്തിയ ചരക്കുകളുടെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെടുകയാണെന്നും അടുത്ത 20 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.