അമൃത്പാല്‍ സിങിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു; രാജ്യം വിടാന്‍ ശ്രമിക്കുന്നതായി സൂചന

By parvathyanoop.19 03 2023

imran-azhar

 

ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദേ സംഘടന നേതാവ് അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.പഞ്ചാബിലെ ഖലിസ്ഥാന്‍ അനുകൂലിയും വിവാദ പ്രഭാഷകനുമാണ് ഇദ്ദേഹം.

 


അമൃത്പാലിനെ പിടികൂടാന്‍ പഞ്ചാബ് പൊലീസ് ശ്രമം നടത്തുന്നതിനിടെയിലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.ജലന്ധറിനും അമൃത്സറിനും പുറമെ സംസ്ഥാനത്തെ മറ്റിടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

അമൃത്പാല്‍ സിങ്ങിന്റെ വസതിയില്‍ പഞ്ചാബ് പൊലീസ് നാലു മണിക്കൂറിലധികം പരിശോധന നടത്തിയിരുന്നു.എന്നാല്‍ അമൃത്പാല്‍ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 

എന്നാല്‍, പഞ്ചാബ് പോലീസ് രാത്രി വൈകി അറസ്റ്റ് വാര്‍ത്ത നിഷേധിക്കുകയാണുണ്ടായത്. പഞ്ചാബിലും സമീപ പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെ അമൃത്പാല്‍ സിങ് രാജ്യം വിടാന്‍ ശ്രമിക്കുന്നതായി സൂചന.

 

ഇതിനായി ഖലിസ്ഥാന്‍ അനുകൂലികളായ ഒട്ടേറെപ്പേരുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുന്നതായി പൊലീസിനു വിവരം ലഭിച്ചു. നേപ്പാള്‍ വഴി കാനഡയിലേക്കു കടക്കാനാണ് ശ്രമമെന്നാണ് നിലവിലുളള വിവരം.

 

അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചാബില്‍ ഉടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇന്നു 12 വരെ വിലക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇത് സംബന്ധിച്ച് സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.

 


ഇന്നലെ മേഹത്പുരില്‍ വച്ച് പഞ്ചാബ് പോലീസ് വാഹനം തടഞ്ഞെങ്കിലും വാഹനങ്ങള്‍ മാറിക്കയറി അമൃത്പാല്‍ കടന്നു കളഞ്ഞിരുന്നു. അമൃത്പാലിന്റെ കൂട്ടാളികളായ 78 പേരെ അറസ്റ്റ് ചെയ്തു.

 

വാഹനങ്ങള്‍ പോലീസ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

 

അമൃത്പാലിന്റെ ജന്‍മ സസ്ഥലമായ അമൃത്സറിലെ ജല്ലുപുര്‍ ഖേഡയില്‍ പൊലീസ് സന്നാഹം നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രസംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ 3 കേസുകള്‍ നിലവിലുണ്ട്.

OTHER SECTIONS