By Shyma Mohan.08 12 2022
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നേടിയ വിജയത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് അരവിന്ദ് കെജ്രിവാള്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി നേടിയ വോട്ടുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ നിയമപ്രകാരം എഎപിയെ ദേശീയ പാര്‍ട്ടിയായി വിളിക്കാമെന്ന് കെജ്രിവാള് പറഞ്ഞു. രാജ്യത്ത് വളരെ കുറച്ച് പാര്‍ട്ടികളേയുള്ളൂ. അവര്‍ക്ക് ദേശീയ പാര്‍ട്ടി പദവിയുണ്ട്. ഇപ്പോള്‍ ആ പാര്‍ട്ടികളുടെ ഗണത്തിലേക്ക് എഎപിയും വരികയാണെന്ന് കെജ്രിവാള് പ്രഖ്യാപിച്ചു.
ദേശീയ പാര്‍ട്ടി പദവി ലഭിക്കണമെങ്കില്‍ എഎപിക്ക് ഗുജറാത്തില്‍ രണ്ട് സീറ്റ് മാത്രം ലഭിച്ചാല്‍ മതിയെന്ന സാഹചര്യമാണുണ്ടായിരുന്നത്. നിലവില്‍ പഞ്ചാബിലും ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലണ്ട്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 6.8 ശതമാനം വോട്ട് നേടിയിരുന്നു. ഇതിനുശേഷം ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അംഗീകൃത പാര്‍ട്ടിയായി. ഇത്തരമൊരു സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി മറ്റൊരു സംസ്ഥാനത്ത് അംഗീകാരം ലഭിച്ചാല്‍ ഔദ്യോഗികമായി ദേശീയ പാര്‍ട്ടി പദവി ലഭിക്കും.